Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണീർ പരമ്പരകൾ സ്ത്രീകളെ കുറ്റവാളികൾ ആക്കുന്നുവോ?

മനഃസാക്ഷിക്ക് നിരക്കാത്ത കൊലപാതകങ്ങൾ ചെയ്യാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ത്?

കണ്ണീർ പരമ്പരകൾ സ്ത്രീകളെ കുറ്റവാളികൾ ആക്കുന്നുവോ?

എസ് ഹർഷ

, വ്യാഴം, 7 ജൂണ്‍ 2018 (10:28 IST)
ജീത്തു ജോസഫിന്റെ ദ്രശ്യത്തിലെ ആശാ ശരത്തിന്റെ ഡയലോഗ് കടമെടുത്താൽ ‘ഒരാളുടെ മനസ്സിൽ ആഴത്തിൽ പതിയുന്നത് ദ്രശ്യമാണ്. അതിൽ സിനിമയടക്കമുള്ള ദ്രശ്യമാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്’. അതെ, സിനിമ- സീരിയൽ തുടങ്ങിയ മാധ്യമങ്ങൾക്ക് മനുഷ്യനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. 
 
ടി വി കളിൽ മാജിക് പോലെയുള്ള ഷോകൾ അവതരിപ്പിക്കുമ്പോൾ അനുകരണം ആപത്താണെന്ന അറിയിപ്പ് കാണാറുണ്ട്. ഇതുപോലെ ആപത്താകുന്ന ഒന്നാണ് സിനിമയും സീരിയലും എന്ന പക്ഷക്കാരുമുണ്ട്. എന്നിരുന്നാലും, കേരളത്തിലെ സ്ത്രീകൾ ഏറ്റവും അധികം കാണുന്നത് സീരിയൽ ആണെന്നിരിക്കേ ഈ മാധ്യമത്തിന് സ്ത്രീ ജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. 
 
സീരിയലുകള്‍ സ്വാധീനിച്ചിട്ടാണ് സമൂഹത്തില്‍ അതിക്രമങ്ങളുണ്ടാകുന്നതെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ, അത് ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാകും. പക്ഷേ, സീരിയലുകളിലെ ക്രൂര- സ്ത്രീ മുഖങ്ങൾ സമൂഹത്തിൽ ഉണ്ടാകാറുണ്ടെന്നത് സത്യം. ഒരുപക്ഷേ, അവർക്ക് പ്രചോദനമാകുന്നത് ഇത്തരം തിരക്കഥകളുമാകാം. മധ്യവര്‍ഗ, സാധാരണ കുടുംബങ്ങള്‍ വിനോദമെന്ന നിലയിലാണ് സീരിയലുകള്‍ കാണുന്നത്.  
 
സമൂഹത്തെ ഞെട്ടിക്കുന്ന പല കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ പങ്കാളികളാകുന്നുണ്ട്. കൂടുതല്‍ സ്ത്രീകള്‍,  ക്രിമിനല്‍ സ്വഭാവമുള്ളവരാവുന്നതില്‍ അമാനുഷിക സ്ത്രീകഥാപാത്രങ്ങളുടെ പ്രേരണ ഉറപ്പായുമുണ്ട്. സീരിയല്‍ കണ്ടാല്‍ സ്ത്രീകളെല്ലാം കുറ്റവാളികളാകുമെന്നല്ല. സീരിയൽ കണ്ടത് കൊണ്ട് മാത്രമാണ് ഒരാൾ കൊലപാതകി ആകുന്നതെന്നും അല്ല. പകരം ചില മാതൃകകള്‍ അവരിലും പുരുഷന്മാരിലും സമൂഹത്തിലും വളര്‍ന്നുവരികയും അത് ചില കൊലപാതകങ്ങളിലേക്ക് അവരെ നയിക്കുമെന്നുമാണ്. 
 
ഒട്ടുമിക്ക സീരിയലുകളിലും പുരുഷന്മാര്‍ അപ്രധാന കഥാപാത്രങ്ങളോ സ്ത്രീകളുടെ നിഴലായി നിന്നു തെറ്റിന് കുടപിടിക്കുന്നവരോ ആണ്. മുഴുവന്‍ സീരിയലുകളുടെയും കഥാതന്തുവിനെ നിയന്ത്രിക്കുന്നത്, സ്ത്രീകളാണ്.  അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താവ്, ഭാര്യ, നിഷ്‌കളങ്കരായ കുട്ടികളെ ഉപദ്രവിക്കുന്ന രണ്ടാനമ്മ, രണ്ടാനച്ഛന്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ  കുട്ടികളോടുപോലും കാരുണ്യമോ സ്നേഹമോ കാണിക്കേണ്ടെന്ന അറിവാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 
 
രഹസ്യ കാമുകനോടൊപ്പം പോകാന്‍ അമ്മ കുഞ്ഞിനെ  നിലത്തടിച്ചുകൊന്നു, കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയേയും കൊന്നു. ഇങ്ങനെയുള്ള വാര്‍ത്തകള്‍ നിരന്തരം കാണാറില്ലേ? സമാനകഥകളാണ് സീരിയലുകളില്‍ കാണുന്നത്.    
 
സമൂഹത്തിൽ ഞെട്ടിച്ച മറ്റൊരു സംഭവമാണ് പിണറായിയിലെ കൊലപാതകം. സീരിയലുകള്‍ പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണ് ഉത്തരം. പക്ഷേ, അത് സീരിയലുകൾ മാത്രമല്ല എന്നും പറയേണ്ടി വരും. സീരിയലില്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. അത്തരം ചിന്തകളാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഇവിടെ കെവിൻ ചേട്ടനായി എനിക്ക് ജീവിക്കണം": നീനു