ആരാണ് രഹ്‌ന ഫാത്തിമ? വിശ്വാസം വ്രണപ്പെടുത്താൻ മാത്രമായി കച്ചകെട്ടി ഇറങ്ങിയ ആക്‌റ്റിവിസ്‌റ്റോ?
ആരാണ് രഹ്‌ന ഫാത്തിമ? വിശ്വാസം വ്രണപ്പെടുത്താൻ മാത്രമായി കച്ചകെട്ടി ഇറങ്ങിയ ആക്‌റ്റിവിസ്‌റ്റോ?
ആരാണ് രഹ്‌ന ഫാത്തിമ? ഇന്നും ആളുകളുടെ മനസ്സിലെ ചോദ്യമാണിത്. അടുത്തിടെ, ശബരിമലയിൽ യുവതീ പ്രവേശം അംഗീകരിച്ച് സുപ്രീംകോടതി വിധി പ്രസ്ഥാവന നടത്തി. ഈ വിധിയെത്തുടർന്ന് ശബരിമലയിലെത്തിയ യുവതികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയത് രഹ്‌നയായിരുന്നു.
ഇതിന് ശേഷമായിരിക്കും ഇവരെക്കുറിച്ച് കൂടുതൽ പേരും അറിയുന്നത്. എന്നാൽ കേരളത്തിലെ പുരോഗമന സമരങ്ങളുടെ മുൻപന്തിയിൽ ഈ യുവതി എന്നും ഉണ്ടായിരുന്നു. ഓർമ്മയില്ലേ ഫറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസ്‌താവനക്കെതിരെ മാറ് തുറന്നുകാണിച്ച സ്‌ത്രീയെ? തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായ സ്‌ത്രീയെ? അതെ, അതെല്ലാം രഹ്ന ഫാത്തിമ ആയിരുന്നു.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കറുപ്പുമുടുത്ത് മലകയറാനെത്തിയ രഹ്‌ന അതിന് മുന്നേ ഫേസ്‌ബുക്കിൽ കുറച്ച് ഫോട്ടോ പങ്കുവച്ചപ്പോഴാണ് കേരളത്തിലെ ചില 'വിശ്വാസികൾ' രഹ്‌നയെ അറിഞ്ഞത്. അതിന് പിന്നിലെ കാരണം ഇത്രയും തന്റേടിയായ ഒരു സ്‌ത്രീയോ എന്നതും അവരുടെ പേരിലെ മുസ്ലീം ഐഡന്റിറ്റിയും തന്നെയാണ്.
ബിഎസ്എൻഎൽ ജീവനക്കാരി, മോഡൽ, ആക്‌ടിവിസ്‌റ്റ്, നടി എന്നിവയാണ് രഹ്‌നയുടെ ഫീൽഡ്. ഭർത്താവ് മനോജിനും കുട്ടികൾക്കുമൊപ്പം കൊച്ചിയിലാണ് രഹ്നയുടെ താമസം.
ആക്‌ടിവിസ്‌റ്റായ രഹ്‌ന എങ്ങനെ ഒരു ഭക്തയാകും? ഇതാണ് പലരേയും ചൊടിപ്പിച്ച മറ്റൊരു കാര്യം. ഇതിന് മുമ്പേ തന്നെ താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് രഹ്‌ന പറയുകയും ചെയ്‌തിരുന്നു. കൂടാതെ ഹിന്ദുമത വിശ്വാസിയും അല്ല.
ഇതുകൂടാതെ, ചുംബന സമരം ബാക്ക്‌ഗ്രൗണ്ടും. സദാചാര പൊലീസിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലെ സജീവ പങ്കാളിയായിരുന്നു രഹ്ന. ഇതിനെല്ലാം പുറമേ, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന തൃശൂരിലെ പുലികളി വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു.
ഇന്റര്‍സെക്‌സ് വ്യക്തികളുടെ ജീവിതം വരച്ചുകാണിക്കുന്ന സിനിമയില്‍ രഹ്ന നഗ്ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. നാട്ടിലെ 'യഥാർത്ഥ വിശ്വാസികൾ'ക്ക് ഇതൊക്കെ അറിഞ്ഞാൽ മതിയല്ലോ. പിന്നീടങ്ങോട്ട് രഹ്‌നയോടുള്ള ദേഷ്യം തീർത്തത് രഹ്‌നയുടെ ഫേസ്‌ബുക്ക് പോസ്‌റ്റുകൾക്ക് താഴെയാണ്.
ശബരിമല ദർശനത്തിനെത്തി, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിൽ രഹ്‌ന ഫാത്തിമ ഇപ്പോൾ അറസ്‌റ്റിലാണ്. ശരീരഭാഗങ്ങൾ കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഇട്ടതിനെത്തുടർന്ന് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിലാണ് അറസ്‌റ്റ്.