Bigg Boss Malayalam Season 7: നിങ്ങള്‍ ബിഗ് ബോസ് ഇഷ്ടപ്പെടാത്തവരാണെങ്കിലും ഈ എപ്പിസോഡ് നിര്‍ബന്ധമായും കാണണം, ലാലേട്ടാ നന്ദി !
റിയാസ് സലിം മത്സരാര്‍ഥിയായിരുന്ന സീസണിനു ശേഷം ലൈംഗിക ന്യൂനപക്ഷങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ ഈ സീസണ്‍ കുറച്ചെങ്കിലും ആത്മാര്‍ഥത കാണിച്ചിട്ടുണ്ട്
Bigg Boss Malayalam Season 7: ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡുകള്‍ സ്‌ക്രിപ്റ്റഡ് ആയിരിക്കാം. വീടിനുള്ളിലെ 24*7 കാര്യങ്ങള്‍ ലൈവ് കണ്ട് അതിനനുസരിച്ച് വീക്കെന്‍ഡ് എപ്പിസോഡുകളിലേക്കുള്ള കണ്ടന്റ് കണ്ടെത്താന്‍ മോഹന്‍ലാലിനെ പോലെ തിരക്കുള്ള ഒരു താരത്തിനു സാധ്യമാകണമെന്നില്ല. എന്നാല്‍ പ്രൊഡ്യൂസര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങളെ അതേപടി തന്നെ അവതരിപ്പിക്കേണ്ട ആവശ്യവും മോഹന്‍ലാലിനില്ല. ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശങ്ങളെ നാല് ചീത്തയും പറഞ്ഞ് ഒതുക്കിതീര്‍ക്കാനൊക്കെ ലാലിനു സാധിക്കുമായിരുന്നു. എന്നാല്‍ ഈ വിഷയത്തെ ഏറ്റവും സാധാരണക്കാരായ പ്രേക്ഷകര്‍ക്കു പോലും മനസിലാകുന്ന തരത്തില്‍ വളരെ ബോള്‍ഡായും ഷാര്‍പ്പായുമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
റിയാസ് സലിം മത്സരാര്‍ഥിയായിരുന്ന സീസണിനു ശേഷം ലൈംഗിക ന്യൂനപക്ഷങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ ഈ സീസണ്‍ കുറച്ചെങ്കിലും ആത്മാര്‍ഥത കാണിച്ചിട്ടുണ്ട്. ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ മറ്റൊരു മത്സരാര്‍ഥിയായ വേദ് ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശത്തെ മോഹന്‍ലാല്‍ ചോദ്യം ചെയ്ത രീതി ഗംഭീരമാണ്. സ്‌ക്രിപ്റ്റഡ് ആയിട്ടാണെങ്കില്‍ പോലും ബിഗ് ബോസ് കാണുന്ന സാധാരണ പ്രേക്ഷകരെ അത് ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രണ്ടോ മൂന്നോ സീസണ്‍ മുന്‍പാണെങ്കില്‍ ഇത്തരമൊരു വിഷയത്തെ ബിഗ് ബോസ് ഹാന്‍ഡില്‍ ചെയ്യുന്നത് ഈ രീതിയില്‍ ആയിരിക്കണമെന്നില്ല. മാത്രമല്ല മോഹന്‍ലാല്‍ ലക്ഷ്മിയെ ഫയര്‍ ചെയ്യുന്ന സമയത്ത് ഓഡിയന്‍സ് അതിനെ കൈയടിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. റിഗ്രസീവായ ഒരു കമ്യൂണിറ്റിയില്‍ ചെറുതല്ലാത്ത മാറ്റങ്ങളൊക്കെ സംഭവിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇതെല്ലാം.
ബിഗ് ബോസ് സ്ഥിരമായി കാണാത്തവര്‍ ആണെങ്കിലും ബിഗ് ബോസിനോടു ഒട്ടും താല്‍പര്യമില്ലാത്തവരാണെങ്കിലും സെപ്റ്റംബര്‍ 13 ലെ വീക്കെന്‍ഡ് എപ്പിസോഡ് കണ്ടുനോക്കാവുന്നതാണ്. പ്രൊമോയില്‍ കണ്ടത് മാത്രമല്ല, വേറെയും കിടിലന്‍ ക്ലച്ച് മൊമന്റ്‌സ് ഈ എപ്പിസോഡില്‍ ഉണ്ട്.
എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍, ' എല്ലാവരും ഒരുപോലെയാണ് ഞങ്ങള്‍ക്ക്,'
' ലക്ഷ്മിയുടേത് വളരെ തെറ്റായ സ്റ്റേറ്റ്‌മെന്റ് അല്ലേ? നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്? ഉത്തരം പറഞ്ഞേ പറ്റൂ,'
'നിങ്ങളുടെ വിയോജിപ്പ് അവര്‍ക്കെന്താ? അവര്‍ ജോലി ചെയ്തു ജീവിക്കുന്നവരല്ലേ, നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ? ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. എന്റെ വീട്ടില്‍ വരട്ടെ. എന്താ കുഴപ്പം? നിങ്ങള്‍ ഏത് സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്? ഞങ്ങള്‍ മണ്ടന്‍മാരാണോ ഇങ്ങനെയൊരു ഷോയില്‍ അവരെ സ്വീകരിക്കാന്‍? ഞങ്ങള്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ലല്ലോ,'
' നിങ്ങളുടെ താല്‍പര്യങ്ങള്‍ നിങ്ങളില്‍ മാത്രം നിക്ഷിപ്തമാണ്. നിങ്ങളുടെ സൗകര്യത്തിനു ജീവിക്കാന്‍ മറ്റൊരാളെ നിങ്ങള്‍ പ്രേരിപ്പിക്കരുത്. ഈ ഷോയുടെ ഏറ്റവും പ്രധാനപ്പെട്ട ഫണ്ടമെന്റല്‍സിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. മുന്‍പുള്ള ഷോകളിലും ലോകത്ത് എല്ലാവരും ആക്‌സെപ്റ്റ് ചെയ്തിരിക്കുന്ന ഒരു കാര്യം, അതില്‍ എന്താണ് കുഴപ്പം? നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നു പറയാന്‍ നിങ്ങള്‍ക്കൊക്കെ എന്ത് അധികാരമുണ്ട്? ഇവരെ നിങ്ങള്‍ക്കു സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നല്ലേ പറഞ്ഞത്? അപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം? അതുകൂടി പറഞ്ഞുതരൂ,'
'ആദിലയും നൂറയും എവിടെയാണ് ജോലി ചെയ്യുന്നത്? ലക്ഷ്മി, അവര് വിപ്രോയില്‍ ജോലി ചെയ്തു അവര്‍ക്ക് ശമ്പളം കിട്ടി ഹാപ്പിയായി ജീവിക്കുന്ന ആള്‍ക്കാരാണ്. അവര് ജോലിയില്ലാത്ത ആള്‍ക്കാരൊന്നും അല്ല,'
മോഹന്‍ലാല്‍ വിഷയത്തെ അഡ്രസ് ചെയ്ത രീതി തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുണ്ട്.
തങ്ങളുടെ ബന്ധത്തെ കുറിച്ച് ഈ എപ്പിസോഡില്‍ മോഹന്‍ലാലിനോടു ആദില സംസാരിക്കുന്നുണ്ട്. ആ ഭാഗങ്ങളും നിര്‍ബന്ധമായും കാണേണ്ടതാണ്. എത്ര ക്ലാരിറ്റിയോടെയാണ് ആദില സംസാരിക്കുന്നത്. എല്ലാ മനുഷ്യരെയും പോലെ സാധാരണ ആളുകള്‍ തന്നെയാണ് തങ്ങളെന്നും ആര്‍ക്കെങ്കിലും വേറെ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റണമെന്നും ആദില പറയുമ്പോള്‍ മോഹന്‍ലാല്‍ വളരെ ശ്രദ്ധയോടെയാണ് അവരെ കേള്‍ക്കുന്നത്. ആദില സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഇടപെടാതെ അത് കേട്ടുനില്‍ക്കുന്ന മോഹന്‍ലാലിനെ കാണാം. ഈ എപ്പിസോഡിലെ ഏറ്റവും ഗംഭീര കാഴ്ചയാണ് അത്.
ആദില മോഹന്‍ലാലിനോടു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്, ' ലാലേട്ടാ, ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവര്‍ക്ക് ഓക്കെയല്ല എന്ന തരത്തില്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അവരുടെ മകന്‍ അടക്കമുള്ള ആളുകള്‍ ഇതുകണ്ട് ഇന്‍ഫ്‌ളുവന്‍സ് ആകും എന്നൊരു സ്റ്റേറ്റ്‌മെന്റ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോ ഞങ്ങള് ചെറുപ്പം മുതലേ ലെസ്ബിയന്‍ അല്ലെങ്കില്‍ ഗേ കണ്ടുവളര്‍ന്ന ആള്‍ക്കാര്‍ അല്ല. ഞങ്ങള്‍ക്കു ഞങ്ങളുടെ സ്വതം മനസിലായത് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ആണ്. ഇതുകണ്ട് ആരും ഇന്‍ഫ്‌ളുവന്‍സ് ആകില്ല എന്നു എനിക്ക് ഈ സ്റ്റേജില്‍ പറയണമെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ പറയുന്നത് ഇന്‍ഫ്‌ളുവന്‍സ് ആകുമെന്നാണ്. നമ്മുടെ സെക്ഷ്വാലിറ്റിയൊക്കെ നമ്മള്‍ ജനിക്കുമ്പോള്‍ തൊട്ട് ഉണ്ടാകുന്ന സംഗതിയാണ്. ഒരു പര്‍ട്ടിക്കുലര്‍ ടൈമില്‍ എത്തുമ്പോള്‍ നമ്മള്‍ റിയലൈസ് ചെയ്യുന്ന സാധനമാണ്. ആരെയും നമുക്ക് ഇന്‍ഫുളവന്‍സ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയെങ്കില്‍ ഇവിടെ ഇരിക്കുന്ന ഹെട്രോസെക്ഷ്വല്‍സിനെ എല്ലാവരെയും എനിക്കും നൂറയ്ക്കും ഇന്‍ഫ്‌ളുവന്‍സ് ചെയ്തു ഹോമോസെക്ഷ്വല്‍സ് ആക്കാം. അത് ഒരിക്കലും സാധ്യമല്ല. കുറേപേര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, ലെസ്ബിയന്‍ കപ്പിള്‍സ് എന്നു പറഞ്ഞാല്‍ ഭയങ്കര അണ്‍കംഫര്‍ട്ടബിള്‍ ആയിരിക്കും. ലക്ഷ്മിയും മസ്താനിയും അല്ലാതെ ഈ വീട്ടില്‍ വേറെ ആരും ഞങ്ങളെ ഇങ്ങനെ മാറ്റിനിര്‍ത്തിയിട്ടില്ല. അതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് ഇത് നോര്‍മലൈസ് ചെയ്യണം. കാരണം ഞങ്ങളും എല്ലാവരെയും പോലെ സാധാരണ ആള്‍ക്കാരാണ്. സെക്ഷ്വല്‍ ലൈഫ് മാത്രമല്ല, നമ്മളും എല്ലാവരെയും പോലെ സ്‌നേഹം, ബഹുമാനം ആ ഒരു ബേസിക് സാധനങ്ങളിലാണ് എല്ലാ റിലേഷന്‍ഷിപ്പും നില്‍ക്കുന്നതെന്ന് ഞങ്ങള്‍ക്കൊന്ന് കാണിക്കണമെന്നുണ്ടായിരുന്നു,'
വളരെ പോപ്പുലറായ സെലിബ്രിറ്റികള്‍ ചില വിഷയങ്ങളെ അഡ്രസ് ചെയ്യുമ്പോള്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയാകും. അതിനെ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ എത്തിക്കുന്ന വിധം ലൈവ് ആക്കി നിര്‍ത്താനുള്ള സ്‌കോപ്പ് അവിടെയുണ്ട്. അതാണ് ബിഗ് ബോസിലെ കഴിഞ്ഞ എപ്പിസോഡിലൂടെ സംഭവിച്ചിരിക്കുന്നത്. അതായത് റിയാസ് സലിം ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ എല്‍ജിബിടിക്യു വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ പോപ്പുലാരിറ്റി അയാള്‍ ബിഗ് ബോസില്‍ വന്ന് മോഹന്‍ലാലിനെ പോലൊരു താരത്തോടു സംസാരിക്കുമ്പോള്‍ ലഭിക്കും. ആദിലയും നൂറയും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സ്ട്രഗിളിനെ കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ബിഗ് ബോസിലൂടെ സാധിക്കും. അതുകൊണ്ട് യാതൊരു ദോഷവും ഇല്ലെന്ന് മാത്രമല്ല സമൂഹത്തിനു ഗുണങ്ങള്‍ മാത്രമേയുള്ളൂ. അതിനെ അങ്ങനെയൊരു പോസിറ്റീവ് സ്പിരിറ്റില്‍ തന്നെ എടുക്കണം.