ബിഗ് ബോസ് സീസണ്‍ ഫൈവിലാണ് ആദ്യമായി ചലഞ്ചേഴ്‌സിനെ അവതരിപ്പിച്ചത്. മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികള്‍ ഏതാനും ദിവസത്തേക്ക് സര്‍പ്രൈസ് ആയി വന്ന് പോകുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുന്‍ മത്സരാര്‍ത്ഥികളെ എത്തിക്കുന്നതിന് പിന്നില്‍ ബിഗ് ബോസ് എന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന പ്രേക്ഷകരുടെ ഉള്ളിലെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റിയാസ് സലീം.
ഹൌസില്‍ കയറുക, രസിക്കുക, തിരികെ വരിക. ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് റിയാസ്.'നിങ്ങളെ ഇളക്കണമെന്നോ ആക്റ്റീവ് ആക്കണമെന്നോ നിങ്ങള്‍ ഇപ്പോള്‍ ബോറിംഗ് ആണ്, നിങ്ങളെ ആക്റ്റീവ് ആക്കണമെന്നോ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒറിജിനല്‍ ആയിട്ട് നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും, അത് മാത്രം ചെയ്യണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ, ബോധപൂര്‍വ്വം കണ്ടന്റ് സൃഷ്ടിക്കാതെ ഇരിക്കുക. ഞാന്‍ ഇതിനകം വ്യക്തമാക്കിയതാണ്, കാണികളെ രസിപ്പിക്കുക, അറിവ് പകരുക, ഒരു സ്വാധീനം സൃഷ്ടിക്കുക. അതാണ് ബിഗ് ബോസ് ഷോ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യം. അത് മാത്രം ചെയ്താല്‍ മതി. നിങ്ങളുടെ സീസണ്‍ ഒരു വിജയമായിരിക്കും'-എന്നാണ് റിയാസ് ബിഗ് ബോസ് ഹൗസ് വിടും മുമ്പേ പറഞ്ഞത്.