Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധങ്ങള്‍ മടുത്താല്‍ മാന്യമായി ഇറങ്ങി പോരാന്‍ സാധിക്കണം, പങ്കാളിയെ വിചാരണ ചെയ്യുകയല്ല വേണ്ടത്

ഇത് വായിക്കുമ്പോള്‍ 'നിന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ നീ എങ്ങനെ പ്രതികരിക്കും' എന്ന് ചോദിക്കാന്‍ തോന്നുക സ്വാഭാവികം

ബന്ധങ്ങള്‍ മടുത്താല്‍ മാന്യമായി ഇറങ്ങി പോരാന്‍ സാധിക്കണം, പങ്കാളിയെ വിചാരണ ചെയ്യുകയല്ല വേണ്ടത്
, ശനി, 25 മാര്‍ച്ച് 2023 (11:33 IST)
ബൈജു രാജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് എക്സ്ട്രീം ലെവലിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വളരെ ടോക്സിക് ആയുള്ള സൊസൈറ്റിക്ക് ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് എന്തെങ്കിലും ഗുണം ലഭിക്കുമെന്ന് തോന്നുന്നില്ല. ബൈജു രാജുവിനെ പൂര്‍ണമായി റദ്ദ് ചെയ്ത് സംസാരിച്ചതുകൊണ്ട് ഇവിടെ എന്തെങ്കിലും മാറ്റം സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. ഏത് വിഭാഗത്തെയാണ് നമ്മള്‍ പുരോഗമനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അവരെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതിയിലാണ് മിക്ക ചര്‍ച്ചകളും നടക്കുന്നത്. അയാള്‍ക്ക് വട്ടാണെന്ന് പറഞ്ഞ് ഒരു വിധിയങ്ങ് പ്രസ്താവിച്ചാല്‍ അവിടംകൊണ്ട് തീരുന്ന പ്രശ്നമായി ഇതിനെ കാണരുത്. ഇവിടെ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. നാളെ പുതിയ 'വട്ടന്‍'മാരുണ്ടാകും. അതങ്ങനെ തുടര്‍ന്നുകൊണ്ടുപോകും...! 
 
ഒരു റിലേഷന്‍ഷിപ്പിനെ ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അറിയാത്ത സൊസൈറ്റിയുടെ പരിച്ഛേദമാണ് അയാള്‍. ബൈജു രാജുവിനെ പോലെ ലക്ഷകണക്കിനു ആളുകള്‍ ഈ സൊസൈറ്റിയില്‍ ഉണ്ട്. മാന്യമായ രീതിയില്‍ ഒരു റിലേഷന്‍ഷിപ്പില്‍ നിന്ന് ഇറങ്ങി പോരാന്‍ അറിയാത്ത സൊസൈറ്റിയാണിത്. അത്രയും ടോക്സിക് ആയാണ് ഇവിടെ ബന്ധങ്ങള്‍ മുന്നോട്ടുപോകുന്നത്. ഒരിക്കല്‍ റിലേഷന്‍ഷിപ്പില്‍ ആയി എന്ന ഒറ്റ കാരണം കൊണ്ട് ആ റിലേഷന്‍ഷിപ്പ് മടുത്താലും അതില്‍ നിന്ന് ഇറങ്ങി പോരാന്‍ കഴിയാത്ത വിധം കുടുങ്ങി കിടക്കുന്ന മനുഷ്യരാണ് ഭൂരിഭാഗവും. ആ വ്യവസ്ഥിതിക്കാണ് മാറ്റം വരേണ്ടത്. 
 
ആദ്യത്തെ റിലേഷന്‍ഷിപ്പില്‍ നിന്ന് ഇറങ്ങി പോരേണ്ടിവന്ന സമയത്ത് വളരെ ടോക്സിക് ആയി അതിനോട് പ്രതികരിച്ച ആളാണ് ഞാന്‍. എനിക്കത് ഉള്‍ക്കൊള്ളാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഒട്ടും അപ്ഡേറ്റ് ആവാത്ത സമയത്താണ് അത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ആ കുട്ടിയോട് പ്രതികരിച്ചത് വളരെ മോശമായാണ്. അവരുടെ മെന്റല്‍ ഹെല്‍ത്തിനെയൊക്കെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. അന്ന് എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു, ഞാന്‍ ചെയ്യുന്നതിനെല്ലാം സ്വയം ന്യായീകരണം ചമയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പുറത്ത് നില്‍ക്കുന്ന ആളുടെ മാനസികാവസ്ഥയൊന്നും എനിക്ക് വിഷയമല്ലായിരുന്നു. ഒരു അഞ്ച് വര്‍ഷം മുന്‍പത്തെ എന്നെ കുറിച്ചാണ് പറഞ്ഞത്. പിന്നീട് പതുക്കെ പതുക്കെ സ്വയം മാറി, സാഹചര്യങ്ങള്‍ മാറ്റിയതാണ്. ഞാന്‍ എത്തിപ്പെട്ട രാഷ്ട്രീയം, ചുറ്റിലും വന്ന മനുഷ്യര്‍, ജീവിതാനുഭവങ്ങള്‍ ഇതൊക്കെ സ്വാധീനിച്ചു. 
 
അന്നത്തെ പോലെയാകില്ല ഇന്ന് ഞാന്‍ ഒരു റിലേഷന്‍ഷിപ്പില്‍ നിന്ന് ഇറങ്ങി പോരുന്നത്. റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന ആളെ കൂടി പരിഗണിക്കേണ്ടത് ഔദാര്യമൊന്നും അല്ലെന്നും അവരോട് ചെയ്യേണ്ട മിനിമം മര്യാദയാണെന്നും തിരിച്ചറിവുണ്ട്. ഈ സൊസൈറ്റി മുഴുവനായും ഇങ്ങനെ മാറണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് ഒറ്റയടിക്ക് സംഭവിക്കുന്ന കാര്യമൊന്നും അല്ല. ഒറ്റയടിക്ക് അപ്പുറത്ത് നില്‍ക്കുന്ന ആളുകളെ മുഴുവന്‍ റദ്ദ് ചെയ്ത് സംസാരിച്ചാല്‍ അത് നടക്കുമെന്നും തോന്നുന്നില്ല. 
 
ആരോഗ്യകരമായ റിലേഷന്‍ഷിപ്പുകളെ കുറിച്ച്, ഒരു റിലേഷന്‍ഷിപ്പില്‍ നിന്ന് മാന്യമായി ഇറങ്ങി പോരുന്നതിനെ കുറിച്ച്, പങ്കാളികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചെല്ലാം വളരെ ചെറുപ്പം മുതലേ പഠിപ്പിക്കുകയാണ് ഈ സൊസൈറ്റിയില്‍ വേണ്ടത്. വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങി എല്ലായിടത്തും ഇതിനെ കുറിച്ച് സംസാരിക്കണം, ചര്‍ച്ചകള്‍ നടക്കണം. സ്വയം അപ്ഡേറ്റ് ചെയ്ത് ജീവിക്കണമെന്ന ബോധ്യം വളരെ ചെറുപ്പത്തിലേ തന്നെ ഓരോരുത്തരിലും ഉണ്ടാകണം. അല്ലാതെ ഈ വ്യവസ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. 
 
രണ്ട് തരത്തില്‍ നിങ്ങള്‍ക്ക് ഒരു റിലേഷന്‍ഷിപ്പില്‍ നിന്ന് ഇറങ്ങി പോരാം. ഒന്നുകില്‍ പങ്കാളിയെ മാനസികമായി പീഡിപ്പിച്ച്, അവരെ സമൂഹമധ്യത്തില്‍ വിചാരണ ചെയ്ത്, നിങ്ങള്‍ മാത്രമാണ് ശരിയെന്ന് സ്ഥാപിച്ച്. അല്ലെങ്കില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാമെന്ന് വളരെ മാന്യമായി പറഞ്ഞുകൊണ്ട്. രണ്ടാമത്തെ ഓപ്ഷന്‍ മാത്രമാണ് ഇതില്‍ ശരിയെന്ന് സൊസൈറ്റി മനസിലാക്കാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും...! ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതുപോലെ രണ്ട് തട്ടില്‍ നിന്ന് തര്‍ക്കിക്കാം എന്നല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടാകില്ല. 
 
ഇത് വായിക്കുമ്പോള്‍ 'നിന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ നീ എങ്ങനെ പ്രതികരിക്കും' എന്ന് ചോദിക്കാന്‍ തോന്നുക സ്വാഭാവികം. ഞാനുമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ആളില്‍ നിന്ന് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ തീര്‍ച്ചയായും വിഷമം തോന്നും. മാനസികമായി തളരും. പക്ഷേ അതുകൊണ്ട് മാത്രം അപ്പുറത്ത് നില്‍ക്കുന്ന ആളെ മാനസികമായി പീഡിപ്പിക്കാനോ വിചാരണ ചെയ്യാനോ എനിക്ക് യാതൊരു അവകാശവുമില്ല. അത് ശരിയുമല്ല !

എഴുതിയത് : നെല്‍വിന്‍ ഗോക്ക് [email protected]
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിപിയെ അവഗണിക്കരുത്, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം