Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിമ അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കട്ടെ; സദാചാരവാദികള്‍ വായടയ്ക്കുക

റിമ അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കട്ടെ; സദാചാരവാദികള്‍ വായടയ്ക്കുക
, വ്യാഴം, 7 ഏപ്രില്‍ 2022 (17:31 IST)
നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ അഴിഞ്ഞാട്ടമാണ്. കൊച്ചിയില്‍ നടന്ന ആര്‍.ഐ.എഫ്.എഫ്.കെ. (റീജിയണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള) വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ച് റിമ എത്തിയതാണ് സദാചാരവാദികളെ പ്രകോപിപ്പിച്ചത്. വസ്ത്രത്തിന്റെ ഇറക്കം കുറയുന്നതാണ് പീഡിപ്പിക്കാന്‍ കാരണമെന്ന തൊടുന്യായം നിരത്തിയാണ് സദാചാരവാദികള്‍ റിമയുടെ ചിത്രത്തിനു താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 
 
ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ സ്വകാര്യതയാണ്. അതിലേക്കാണ് ബഹുഭൂരിപക്ഷം പേരും ഒളിഞ്ഞുനോക്കുന്നത്. റിമ അവര്‍ക്ക് ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രം ധരിച്ച് പൊതുവേദിയില്‍ എത്തുന്നത് ആരെയാണ് വിറളി പിടിപ്പിക്കുന്നത്? 'സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ?' 'മാന്യമായി വസ്ത്രം ധരിച്ചുകൂടെ'.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു റിമയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ വന്നത്. 
 
രാത്രി ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടല്ലേ, സിനിമയ്ക്ക് ബോയ്ഫ്രണ്ടിനൊപ്പം പോയിട്ടല്ലേ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിട്ടല്ലേ, ആണ്‍സുഹൃത്തുക്കളോട് അടുത്ത് ഇടപഴകിയിട്ടല്ലേ...തുടങ്ങി ലൈംഗിക പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്ന ഒരു സമൂഹമാണ് റിമയ്‌ക്കെതിരെയും തിരിഞ്ഞിരിക്കുന്നത്. അവര്‍ നടത്തുന്ന പുലഭ്യങ്ങള്‍ സാംസ്‌കാരിക കേരളത്തെ പിന്നോട്ടടിക്കുന്നു. 
 
ആര്‍.ഐ.എഫ്.എഫ്.കെ. വേദിയില്‍ റിമ പറഞ്ഞ വളരെ ഗൗരവമുള്ള കാര്യങ്ങളാണ് മിനി സ്‌കര്‍ട്ട് ചര്‍ച്ചയ്ക്കിടെ മുങ്ങിപ്പോയത്. കേരളം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ചാണ് റിമ സംസാരിച്ചത്. അതൊന്നും ചര്‍ച്ചയാകാതെയാണ് മിനി സ്‌കര്‍ട്ട് വിവാദത്തിനു പിന്നാലെ കേരളത്തിലെ സദാചാരവാദികള്‍ ഓടുന്നത്. 
 
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. ഇന്റേണല്‍ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും റിമ പറഞ്ഞു. നമ്മള്‍ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതില്‍ മാതം ഇത് ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ല. ആര്‍ക്കും മോശം അനുഭവമുണ്ടായാല്‍ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചഭക്ഷണം കഴിക്കേണ്ടത് എപ്പോള്‍? ഈ സമയമാണ് അത്യുത്തമമെന്ന് ആരോഗ്യവിദഗ്ധര്‍