Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയൊരു ചോദ്യത്തിനു മറുപടി നല്‍കാന്‍ മമ്മൂട്ടിക്ക് കഴിയില്ല, അത് നിഖിലയ്ക്ക് പറ്റും; സേഫ് സോണിലും രാഷ്ട്രീയം പറയാന്‍ മടിക്കുന്നവര്‍ !

webdunia
തിങ്കള്‍, 16 മെയ് 2022 (09:44 IST)
Nelvin Wilson [email protected]

'ഞാന്‍ പശുവിനേം തിന്നും, പശുവിന് മാത്രം ഈ നാട്ടിലെന്താ പ്രത്യേക പരിഗണന' ഏതെങ്കിലും സൗഹൃദ സദസ്സില്‍ ഇരുന്നുകൊണ്ടല്ല നടി നിഖില വിമല്‍ ഇത്ര ശക്തമായ രാഷ്ട്രീയം പറഞ്ഞത്. മറിച്ച് ആയിരങ്ങള്‍ കാണുമെന്ന് ഉറപ്പുള്ള ഒരു അഭിമുഖത്തില്‍ കുനിഷ്ട് ചോദ്യം ഉന്നയിച്ച അവതരാകന്റെ മുഖത്ത് നോക്കി വ്യക്തമായും കൃത്യതയോടെയും രാഷ്ട്രീയം പറയുകയായിരുന്നു താരം. അതുകൊണ്ട് തന്നെ നിഖില വിമല്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്. 
 
സൂപ്പര്‍താരം മമ്മൂട്ടിയുടെ ഒന്നിലേറെ അഭിമുഖങ്ങള്‍ കഴിഞ്ഞ വാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നിരവധിപേര്‍ ആ അഭിമുഖങ്ങളില്‍ മമ്മൂട്ടി അഭിനയത്തെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ആഘോഷമാക്കി. എന്നാല്‍, രാഷ്ട്രീയവും ജെന്‍ഡര്‍ പൊളിറ്റിക്സും പറയേണ്ട ചോദ്യങ്ങളില്‍ നിന്ന് വളരെ വിദഗ്ധമായി മമ്മൂട്ടി ഒഴിഞ്ഞുമാറിയത് ചിലരെങ്കിലും വിമര്‍ശിച്ചു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ രാഷ്ട്രീയം പറയണോ വേണ്ടയോ എന്നുള്ളത് മമ്മൂട്ടിയുടെ വ്യക്തിപരമായ ചോയ്സ് തന്നെയാണെന്ന് തര്‍ക്കമൊന്നുമില്ലാതെ സമ്മതിക്കുമ്പോഴും അരനൂറ്റാണ്ടോളം മലയാള സിനിമയുടെ താരസിംഹാസനത്തില്‍ സമാനതകളില്ലാത്ത വിധം വിലസിയ ഒരാള്‍ സേഫ് സോണില്‍ നിന്ന് മാത്രം സംസാരിക്കുമ്പോള്‍ അത് ഭീരുത്തമാണെന്ന് പറയാതെ വയ്യ. അവിടെയാണ് നിഖിലയെ പോലെയുള്ളവര്‍ കയ്യടി അര്‍ഹിക്കുന്നത്. 
 
'പശുവിനെ വെട്ടാന്‍ നമ്മുടെ നാട്ടില്‍ പറ്റില്ലല്ലോ' എന്ന് നിഖിലയോട് ചോദിച്ചതുപോലെ ഏതെങ്കിലും അവതാരകന്‍ അതേ ചോദ്യം മമ്മൂട്ടിയുടെ മുഖത്ത് നോക്കി ഉന്നയിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ ചോദിച്ചാല്‍ തന്നെ മമ്മൂട്ടി ആ ചോദ്യത്തില്‍ നിന്നും കുതറി മാറും. 'ഈ നാട്ടില്‍ പശുവിന് മാത്രം എന്താ പ്രത്യേക പരിഗണന' എന്ന് നിഖില ചോദിച്ചതുപോലെ അവതാരകന്റെ മുഖത്തു നോക്കി ചോദിക്കുന്ന മമ്മൂട്ടിയെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തിടത്താണ് നമ്മുടെ സൂപ്പര്‍താരങ്ങള്‍ എത്രത്തോളം ഭീരുക്കളാണെന്ന് ബോധ്യപ്പെടുന്നത്. 
 
മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണ്. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള താരമാണ്. പിണറായി വിജയന്റെ അടുത്ത സുഹൃത്താണ്. ഇടതുപക്ഷ ചാനലിന്റെ ചെയര്‍മാനാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതു വേദിയില്‍ മമ്മൂട്ടി തന്റെ രാഷ്ട്രീയ നിലപാട് ഉച്ചത്തില്‍ പറയുന്നതോ സമകാലിക വിഷയങ്ങളില്‍ വലതുപക്ഷ തീവ്രശക്തികള്‍ക്കെതിരെ നിലപാടെടുക്കുന്നതോ നാം കണ്ടിട്ടില്ല. 
 
നിഖില വിമല്‍ ശക്തമായ ഇടത് രാഷ്ട്രീയമുള്ള താരമാണ്. ചെറുപ്പം മുതല്‍ ഇടത് രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള ആളാണെന്ന് പൊതു വേദികളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇടത് സ്ഥാനാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ തീവ്ര വലതുപക്ഷത്തിന്റെ ആക്രമണത്തിനു ഇരയായേക്കാം എന്ന് നിഖിലയ്ക്ക് അറിയാഞ്ഞിട്ടല്ല. എങ്കിലും പറയാനുള്ളത് നിഖില പറഞ്ഞു. അതും പറയേണ്ട രീതിയില്‍. നിഖിലയുടെ വാക്കുകള്‍ ഇന്നിന്റെ രാഷ്ട്രീയത്തോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടത് കൂടിയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ഈ നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പശുവിന്റെ പേരും പറഞ്ഞ് അപരനെ തല്ലി കൊല്ലാന്‍ പോലും മടിക്കാത്തവരുണ്ടെന്നും നിഖിലയ്ക്ക് അറിയാം. ആ രാഷ്ട്രീയ ബോധത്തില്‍ നിന്നാണ് നിഖിലയുടെ ഈ വാക്കുകള്‍ ചാട്ടുളി പോലെ പതിക്കുന്നത്; 'നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. പശുവിനെ വെട്ടരുതെന്ന ഒരു സിസ്റ്റമേ ഇന്ത്യയില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ എല്ലാ മൃഗങ്ങളേയും സംരക്ഷിക്കണം. പശുവിന് മാത്രം പ്രത്യേക പരിഗണന ഈ നാട്ടില്‍ ഇല്ല. പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാല്‍ എന്താ? ഞാന്‍ എന്തും കഴിക്കും. വംശനാശം വരുന്നതുകൊണ്ടാണ് വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത്. ഞാന്‍ പശൂനേം കഴിക്കും... ഞാന്‍ എരുമേനേം കഴിക്കും..ഞാന്‍ എന്തും കഴിക്കും,'
 
സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠന്‍മാരും നരസിംഹ മന്നാഡിയാര്‍മാരും കയ്യടി വാങ്ങട്ടെ, റിയല്‍ ലൈഫില്‍ ശക്തമായ രാഷ്ട്രീയം പറഞ്ഞ് കയ്യടി വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവരൊക്കെ പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് താരമായിരിക്കെ തന്നെ അടിമുടി പൊളിറ്റിക്കലായി നിലപാടെടുക്കാന്‍ സാധിക്കുന്ന നിഖിലമാര്‍ ഇനിയും ഉണ്ടാകട്ടെ...ഒരു പിശുക്കുമില്ലാതെ അവര്‍ക്ക് വേണ്ടി കയ്യടിക്കാം...
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 191 കോടി കടന്നു