Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു

സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു
, ചൊവ്വ, 8 മാര്‍ച്ച് 2022 (20:11 IST)
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പോർട്ടൽ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി നൽകാനാവും.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും.
 
 സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. 
അസമത്വങ്ങളില്ലാത്ത ഒരു ലോകത്തു മാത്രമാണ് സ്വാതന്ത്ര്യം പൂർണ്ണമായും അർത്ഥവത്താകുന്നത്. അതിനാൽ സമഗ്രവും സുസ്ഥിരവുമായ പുരോഗതിയിലേക്കുള്ള യാത്ര സമത്വസുന്ദരമായ ലോകത്തിൻ്റെ സൃഷ്ടിക്കായുള്ള പോരാട്ടം കൂടിയായി മാറുകയാണ്. 
 
ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഇത്തവണത്തെ വനിതാ ദിനം 'സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഇന്നേ' എന്ന മുദ്രാവാക്യം നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും വർഗ സമരങ്ങളും നൽകിയ കരുത്തിൽ യാഥാസ്ഥിതിക സങ്കല്പങ്ങൾ പലതും പൊളിച്ചെഴുതാൻ സാധിച്ച സമൂഹമാണ് കേരളം. എങ്കിലും സ്ത്രീകൾ നേരിടുന്ന സാമൂഹിക വിവേചനവും പിന്നോക്കാവസ്ഥയും ഇന്നും വലിയ തോതിൽ ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹമൊന്നാകെ വളരെ ബോധപൂർവ്വം ഇടപെടുകയും പരിഹരിക്കുകയും ചെയ്യേണ്ട ഗുരുതരമായ സാമൂഹ്യപ്രശ്നമാണിത്. 
 
ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ വളരെ വിപുലമായ പരിപാടികളാണ്  ഇത്തവണത്തെ വനിതാ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. പത്തു മുതൽ പതിനഞ്ചു വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകുന്ന ധീര എന്ന പദ്ധതിയും ഇന്നു ആരംഭിക്കുകയാണ്. 
 
ലിംഗ സമത്വം കൈവരിക്കാതെ മാനവരാശിക്ക് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സുസ്ഥിര ഭാവി കൈവരിക്കാനാവില്ല എന്നാണ് ഐക്യരാഷ്ട്ര സഭയുൾപ്പെടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ നവകേരളത്തിനായി നമ്മൾ പ്രയത്നിക്കുന്ന ഈ ഘട്ടത്തിൽ വനിതാ ദിനത്തിൻ്റേയും അതു മുന്നോട്ടു വയ്ക്കുന്ന സന്ദേശത്തിൻ്റേയും പ്രാധാന്യം വളരെ വലുതാണ്. ആ സന്ദേശം സഗൗരവം ഉൾക്കൊണ്ട് ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. ഏവർക്കും വനിതാ ദിന ആശംസകൾ. 
 
പിണറായി വിജയൻ
മുഖ്യമന്ത്രി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ രീതിയിലുള്ള കൊവിഡ് ബാധകൊണ്ടും തലച്ചോര്‍ ചുരുങ്ങുമെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ പഠനം