Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോഹിതദാസ് എഴുതിയ മരണം!

ലോഹിതദാസ് എഴുതിയ മരണം!

രവിശങ്കരന്‍

, വ്യാഴം, 28 ജൂണ്‍ 2018 (15:58 IST)
ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളായിരുന്നു ലോഹിതദാസ് എഴുതിയതെല്ലാം. ഒട്ടും കലര്‍പ്പില്ലാത്ത കഥാശില്‍‌പങ്ങള്‍. കഥകള്‍ നിറഞ്ഞ വഞ്ചിയുമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ മരണത്തിന്‍റെ ആഴക്കടലിലേക്ക് ഇറങ്ങിപ്പോയിട്ട് ഒമ്പത് വര്‍ഷം തികഞ്ഞിരിക്കുന്നു. കഥകളുടെ മുത്തും പവിഴവുമായി അദ്ദേഹം തിരിച്ചുവരാതിരിക്കില്ല എന്ന പ്രതീക്ഷയുമായി കണ്ണീരണിഞ്ഞ് മലയാളം.
 
മരണം എന്നും നഷ്ടങ്ങള്‍ മാത്രം നല്‍കുന്നതാണെന്ന് തന്‍റെ പല കഥാപാത്രങ്ങളിലൂടെയും ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മരണം മലയാള സിനിമയ്ക്കും നഷ്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ‘മരണശേഷം മാത്രമേ ഞാന്‍ അംഗീകരിക്കപ്പെടൂ’ എന്ന് ഒരു അഭിമുഖത്തില്‍ ലോഹി മനസു തുറന്നത്.
 
കാല്‍പ്പനികമായ ഒരു ചിന്ത മരണത്തേക്കുറിച്ച് ലോഹിതദാസിന് ഇല്ലായിരുന്നു. മരണം മോഹിക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്ന് ഒരിക്കലും പിറന്നില്ല. ജീവിത സാഹചര്യങ്ങളും സംഘര്‍ഷങ്ങളും നിസഹായതകളും പല കഥാപാത്രങ്ങളെയും മരണത്തിന്‍റെ ചതിക്കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണത്തിനപ്പുറത്തേക്കും അദ്ദേഹത്തിന്‍റെ ചില കഥാപാത്രങ്ങള്‍ വളര്‍ന്നു. ഓര്‍മ്മച്ചെപ്പിലെ ജീവന്‍ എന്ന കഥാപാത്രം, അടുത്ത ജന്‍‌മത്തിലേക്കും കാത്തിരിക്കുകയാണ്. തന്‍റെ പ്രണയം സാക്ഷാത്കരിക്കാന്‍. 
 
തനിയാവര്‍ത്തനത്തില്‍ മരണമെത്തുന്നത് ബാലന്‍‌മാഷ് ആഗ്രഹിച്ചിട്ടല്ല. സമൂഹം ആ വിധി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അമ്മ നല്‍‌കിയ വിഷച്ചോറുരുള നിറകണ്ണുകളോടെയാണ് ബാലന്‍‌മാഷ് കഴിക്കുന്നത്. ജീവിതത്തോടുള്ള കൊതി അദ്ദേഹത്തിന് തീര്‍ന്നിട്ടുണ്ടായിരുന്നില്ല. സമൂഹം ഭ്രാന്തനാക്കിയ ശ്രീധരമ്മാമ ആത്മഹത്യ ചെയ്തതും ജീവിതത്തോടുള്ള ആഗ്രഹം അവസാനിച്ചിട്ടല്ല. തന്‍റെ ജീവിതം ആ വീട്ടിലെ പെണ്‍‌കുട്ടിയുടെ വിവാഹം മുടക്കിയതിന്‍റെ ദുഃഖഭാരത്താലാണ്.
 
webdunia
വിചാരണയിലെ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തത് തന്‍റെ എല്ലാമെല്ലാമായ ഭാര്യയെ വേര്‍‌പെടുന്നതിന്‍റെ സങ്കടം താങ്ങാനാകാതെയാണ്. അയാളെത്തേടി അവളെത്തിയെങ്കിലും, വൈകിപ്പോയിരുന്നു. കൈത്തണ്ടയിലെ നീലഞരമ്പുകള്‍ അറുത്ത് ചോരയില്‍ കുളിച്ച് അയാള്‍ കിടന്നു.
 
കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ വകവരുത്തിയ ശേഷം എല്ലാം നഷ്ടപ്പെട്ട് ആയുസു മാത്രം ബാക്കിയായി സേതുമാധവന്‍ ഉള്ളുപിളര്‍ന്ന് കരയുന്നത് മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. ഒടുവില്‍, ചെങ്കോലില്‍ ആ ആയുസും സേതുവിന് നഷ്ടപ്പെട്ടു. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് ആ രാജകുമാരന്‍ മലയാളിയുടെ ഹൃദയത്തിലാണ് മലര്‍ന്നു കിടന്നത്. അച്യുതന്‍‌നായര്‍ എന്ന കഥാപാത്രത്തിന്‍റെ ജീവനൊടുക്കലും ആരെയും നടുക്കും. മക്കള്‍ക്ക് സ്നേഹം പകര്‍ന്നുകൊടുത്ത ഒരച്ഛന്‍ ഒടുവില്‍ മകളുടെ കൂട്ടിക്കൊടുപ്പുകാരനായി മാറുന്നു. ആ ദയനീയാവസ്ഥയ്ക്ക് മകന്‍ സാക്ഷിയാവേണ്ടി വന്നതിന്‍റെ ഹൃദയവേദനയാല്‍ ആത്മഹത്യ ചെയ്യുകയാണ് അച്യുതന്‍‌ നായര്‍. 
 
മഹായാനത്തില്‍ ആത്മസുഹൃത്തിന്‍റെ ജഡവുമായി ആ നാട്ടിലേക്കു വരുന്ന ചന്ദ്രു മടങ്ങിപ്പോകുന്നത് ആത്മസഖിയുടെ മൃതദേഹവുമായാണ്. മരണം അവിടെ അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥിയാണ്. ലോഹിയുടെ നായകന്‍‌മാര്‍ മരണത്തെ ഭയന്നിരുന്നു. രാജാവിനെ കൊല്ലാനാണ് വരുന്നതെങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹം ഉള്ളിലേറ്റുവാങ്ങുകയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള. ധനം എന്ന ചിത്രത്തില്‍ അമിതമായ ധനമോഹമാണ് ശിവശങ്കരന്‍ എന്ന ചെറുപ്പക്കാരനെ കുരുക്കിലാക്കുന്നത്. സ്വന്തം സുഹൃത്തിന്‍റെ മരണമാണ് അയാള്‍ക്ക് അതിന് പകരം ലഭിച്ചത്.
 
webdunia
ഭരതത്തില്‍ ജ്യേഷ്ടന്‍റെ മരണം അനുജന്‍ മൂടിവയ്ക്കുകയാണ്. എല്ലാവരുടെയും നന്‍‌മ മാത്രമാണ് അയാള്‍ ആഗ്രഹിച്ചത്. പക്ഷേ കല്ലൂര്‍ ഗോപിനാഥന്‍ ഏവര്‍ക്കും മുമ്പില്‍ കുറ്റവാളിയാകുന്നു. അനുജന് ആവോളം ആശീര്‍വാദം നല്‍‌കിയാണ് കല്ലൂര്‍ രാമനാഥന്‍ മരണത്തിലേക്ക് യാത്രയായത്. കനല്‍ക്കാറ്റില്‍ ഒരു യുവാവിനെ കൊല്ലേണ്ടി വന്നതിന്‍റെ കുറ്റബോധം നാരായണന്‍റെ ഉള്ളില്‍ കനലായി എരിയുകയാണ്. അയാളുടെ ഭാര്യയുടെ കാല്‍ക്കല്‍ മാപ്പിരക്കുന്നു നാരായണന്‍. മരണം നഷ്ടങ്ങള്‍ മാത്രമേ നല്‍‌കുകയുള്ളൂ എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം.
 
വളയത്തില്‍ അബദ്ധത്തില്‍ ഒരാളെ കൊല്ലേണ്ടി വരുന്നതിന്‍റെ കുറ്റബോധം നീറ്റുന്ന നായകനാണ് മുരളി അവതരിപ്പിക്കുന്ന ശ്രീധരന്‍. മരണപ്പെട്ടയാളിന്‍റെ കുടുംബത്തെ അയാള്‍ ഏറ്റെടുക്കുകയാണ്. കമലദളത്തില്‍ ഒരു ചെറുപ്പക്കാരന്‍റെ അസൂയയാണ് നര്‍ത്തകനായ നന്ദഗോപന്‍റെ ജീവനെടുക്കുന്നത്. വിഷം കഴിച്ച അയാള്‍ പക്ഷേ തന്‍റെ സ്വപ്നമായ ‘സീതാരാമായണം’ പൂര്‍ത്തിയാക്കിയതിന് ശേഷമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ.
 
കൌരവരില്‍ ഗുരുതുല്യനായ ബാബയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുകയാണ് ആന്‍റണി. അയാള്‍ക്ക് അതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. മക്കളെ രക്ഷിക്കാനായി അയാള്‍ ബാബയെ കൊല്ലുന്നു. ആ ശരീരം മടിയില്‍ കിടത്തി വിമ്മിക്കരയുന്ന ആന്‍റണിയെ മലയാളത്തിന് മറക്കാനാവില്ല. തന്‍റെ ശത്രുവിന്‍റെ മക്കളില്‍ ഒരാള്‍ തന്‍റെ മകളാണെന്ന് തിരിച്ചറിയുന്ന ആന്‍റണി അവിടെ ശത്രുത മറക്കുകയാണ്. പകയ്ക്കും പ്രതികാരത്തിനും മരണത്തിനും മേലെ പുത്രിയോടുള്ള സ്നേഹം അയാളെ നന്‍‌മയുള്ള മനുഷ്യനാക്കിത്തീര്‍ക്കുന്നു.
 
തനിക്കായി കാത്തിരിക്കുന്ന പ്രണയിനിയെ തേടി ചകോരത്തിലെ നായകന്‍ എത്തുമെങ്കിലും അയാളുടെ ജീവിതം പാതി വഴിയില്‍ അവസാനിക്കുന്നു. മരിച്ചു കിടക്കുന്ന അയാളുടെ കൈയില്‍ ഒരു നിധിയുണ്ട്. ശാരദാമണിയുടെ കഴുത്തില്‍ അണിയിക്കേണ്ടിയിരുന്ന താലി.
 
ലോഹിതദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഭൂതക്കണ്ണാടിയില്‍ കാമഭ്രാന്തന്‍‌മാരാന്‍ കൊലചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്. എല്ലാ പെണ്‍കുട്ടികളെയും കാത്ത് കഴുകന്‍ കണ്ണുകളുമായി ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് നായകനായ വിദ്യാധരന്. മരണത്തെച്ചൊല്ലിയുള്ള ഭയവും അമിതമായ ഉത്കണ്ഠകളും അയാളെ വിഭ്രാന്തിയിലെത്തിക്കുന്നു. വിദ്യാധരന്‍റെ ഭാര്യ മരിച്ചത് പാമ്പുകടിയേറ്റാണ്. പാമ്പുകളെ അയാള്‍ ഭയന്നു തുടങ്ങുന്നത് അന്നുമുതലാണ്.
 
സ്വന്തം മകന് സര്‍ക്കാര്‍ ജോലി ലഭിക്കാനായി ആത്മഹത്യ ചെയ്യുകയാണ് കാരുണ്യത്തിലെ മുരളിയുടെ കഥാപാത്രം. എന്നാല്‍ സതീശന്‍ എന്ന നായകന്‍റെ കുറ്റബോധം ആരെയും വേദനിപ്പിക്കും. അച്ഛനെ കൊന്നുകളഞ്ഞാലോയെന്ന് അയാള്‍ ഒരു നിമിഷം ചിന്തിച്ചുപോകുന്ന ഭ്രാന്തമായ അവസ്ഥ ആ ചിത്രം കാണിച്ചുതരുന്നുണ്ട്. എല്ലാ പാപങ്ങളുടെയും ഭാരം കഴുകിക്കളയാന്‍ സതീശന്‍ ഒരു തീര്‍ത്ഥാടനം നടത്തുകയാണ്.
 
webdunia
കന്‍‌മദത്തില്‍ ഒരു യുവാവിന്‍റെ കൊലപാതകത്തിന് ശേഷം അയാളുടെ നാട്ടിലേക്ക് ബന്ധുക്കളെ തിരക്കി എത്തുകയാണ് വിശ്വനാഥന്‍. ആ ചെറുപ്പക്കാരന് ബാക്കിയുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ നിറവേറ്റുക എന്ന ചുമതലയാണ് അയാള്‍ക്ക്. മരണം ബാക്കി വയ്ക്കുന്ന നഷ്ടങ്ങളെ നികത്തുക ലോഹിയുടെ കഥാപാത്രങ്ങളുടെ ധര്‍മ്മമായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ലെങ്കിലും. 
 
ജോക്കര്‍ എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കോമാളി മരണത്തിനു മുന്നിലും ചിരിക്കാന്‍ വിധിക്കപ്പെട്ടവനാണ്. തന്‍റെ ഗുരുവായ മനുഷ്യന്‍റെ മരണം ഉള്ളില്‍ കിടന്നു വിങ്ങുമ്പോഴും അയാള്‍ക്ക് സര്‍ക്കസ് ഗ്രൌണ്ടില്‍ പാടേണ്ടി വരുന്നു. ‘കണ്ണീര്‍ മഴയത്ത് ഒരു ചിരിയുടെ കുടചൂടി’ എന്ന ആ ഗാനവും ലോഹിയുടെ തൂലികയില്‍ നിന്ന് വിടര്‍ന്നതാണ്. ആ ചിത്രത്തില്‍ തന്നെ, തന്‍റെ ജീവിതം തകര്‍ത്തവനോട് അനിത എന്ന കഥാപാത്രം പകരം വീട്ടുന്നത് അയാളെ മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടാണ്. പ്രണയവും പ്രതികാരവും കൂടിക്കലരുന്നുണ്ട് ഇവിടെ.
 
കസ്തൂരിമാനില്‍ പെണ്‍‌കൊതിയനായ സഹോദരീഭര്‍ത്താവിനെ വെട്ടിനുറുക്കുകയാണ് നാ‍യിക പ്രിയംവദ. അവള്‍ക്കു മുന്നിലുള്ള ഏക ശരി അതാണ്. ചേച്ചിയുടെ ജീവിതം നരകതുല്യമാക്കിയ ആളെ കൊല്ലുമ്പോള്‍ താന്‍ സ്വപ്നം കണ്ട ജീവിതം തകര്‍ന്നടിയുന്നതിനെ കുറിച്ച് അവള്‍ ചിന്തിക്കുന്നില്ല.
 
അമരത്തിലെ അച്ചൂട്ടി തെറ്റിദ്ധരിക്കപ്പെട്ടവനാണ്. മകളുടെ ഭര്‍ത്താവിനെ നടുക്കടലില്‍ വച്ച് ഇല്ലാതാക്കിയെന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം. അയാള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. ഒടുവില്‍ തന്നെ സംശയിച്ച മകളോട് യാത്ര പറഞ്ഞ് അയാള്‍ കടലിലേക്ക് പോകുകയാണ്. മരണത്തിന്‍റെ മണമുണ്ട് ആ യാത്രയ്ക്ക്. അച്ചൂട്ടി പറയുന്നു - “കടലമ്മ വിളിക്കണ കണ്ടാ...സമാധാനിപ്പിക്കാനേണ്...”

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കിറ്റിന്റെ റിഹേഴ്സൽ പാർവതി കണ്ടതാണ്, അപ്പോൾ ഒന്നും മിണ്ടിയില്ല: തെസ്നി ഖാൻ