തന്റെ അമ്മയുടെ വേർപാടിനെ കുറിച്ച് വികാരഭരിതനായി നടൻ അർഷാദ് വാർസി. അമ്മ മരിക്കുന്നതിന് മുമ്പ് ഒരു തുള്ളി വെള്ളം പോലും തനിക്ക് നൽകാനായില്ല എന്നാണ് അർഷാദ് പറയുന്നത്. അമ്മയുടെ മരണം ഇന്നും വേട്ടയാടുന്ന വേദനയാണ്. അമ്മ മരിച്ചപ്പോൾ താനും മരിച്ചു എന്നാണ് അർഷാദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
 
 			
 
 			
					
			        							
								
																	
	 
	'എന്റെ അമ്മയൊരു സിമ്പിൾ ഹൗസ് വൈഫ് ആയിരുന്നു. നല്ല ഭക്ഷണമുണ്ടാക്കുമായിരുന്നു. അമ്മയുടെ കിഡ്നി തകരാറിലായി. ഡയാലിസിസിലായിരുന്നു. ഡോക്ടർ അമ്മയ്ക്ക് വെള്ളം കൊടുക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ വെള്ളത്തിനായി യാചിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചതേയില്ല. മരിക്കുന്നതിന് തൊട്ടു മുമ്പും രാത്രിയും അമ്മ എന്നെ വിളിച്ച് വെള്ളം ചോദിച്ചു. 
	 
	പക്ഷെ ഞാൻ കൊടുത്തില്ല. ആ രാത്രി അമ്മ മരിച്ചു. അതോടെ ഞാനും മരിച്ചു. അന്ന് അമ്മയ്ക്ക് വെള്ളം കൊടുത്തിരുന്നുവെങ്കിൽ, അതിന് ശേഷം അമ്മ മരിച്ചാൽ, ജീവിതകാലം മുഴുവൻ ഞാൻ വെള്ളം കൊടുത്തത് കൊണ്ടാണ് അമ്മ മരിച്ചതെന്ന് സ്വയം ഞാൻ പഴിച്ചിരുന്നേനെ എന്ന് ചിന്തിക്കുന്നൊരു ഭാഗമുണ്ട് മനസിൽ.
	 
	പക്ഷെ ഇന്ന് ചിന്തിക്കുമ്പോൾ അമ്മയ്ക്ക് വെള്ളം കൊടുക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. ഡോക്ടർ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. ഇന്ന് എനിക്ക് ആ തീരുമാനമെടുക്കാനാകും. അവസാന നാളുകൾ ആശുപത്രിയിൽ കിടക്കാതെ കുടുംബത്തോടൊപ്പം ചെലവിടാമെന്ന് തീരുമാനിക്കാം. നമ്മൾ ഒരിക്കലും രോഗിയുടെ ഭാഗത്തു നിന്നും ചിന്തിക്കില്ല. നമ്മുടെ ഗിൽറ്റിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക', അദ്ദേഹം പറഞ്ഞു.