ഓപ്പറേഷന്‍ ജാവയിലൂടെ മലയാളികളുടെ കൈയടി നേടിയ നടനാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. വര്‍ഷങ്ങളായി ടെലിവിഷന്‍, സിനിമ രംഗത്ത് സജീവമാണെങ്കിലും ഇപ്പോഴാണ് അലക്‌സാണ്ടര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബം തന്ന പിന്തുണയാണ് തനിക്ക് എന്നും കരുത്തായതെന്ന് അലക്‌സാണ്ടര്‍ പ്രശാന്ത് പറയുന്നു. കുടുംബത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചും താരം പറയുന്നത് ഇങ്ങനെ
'ഞാന്‍ ഇങ്ങനെയായിരിക്കുന്നത് കുടുംബം തന്ന പിന്തുണയും സ്നേഹവും കൊണ്ടാണ്. ചെറുപ്പം മുതലേ മോണോ ആക്ടും മിമിക്രിയുമൊക്ക ഞാന്‍ ചെയ്തിരുന്നു. നീയൊരു കലാകാരനല്ലേ, കല പഠിക്കാന്‍ പോകൂ എന്ന് പറഞ്ഞ് എന്നെ മീഡിയ കമ്യൂണിക്കേഷന്‍ കോഴ്സിന് പോകാന്‍ നിര്‍ബന്ധിക്കുന്നത് എന്റെ പിതാവാണ്. എന്റെ കരിയറില്‍ ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സംഭവമുണ്ട്. അച്ഛനുറങ്ങാത്ത വീട് റിലീസ് ആയ സമയത്ത് എന്റെ പപ്പ കോട്ടയത്ത് ഒറ്റയ്ക്ക് പോയാണ് സിനിമ കണ്ടത്. വീട്ടിലേക്ക് തിരിച്ചെത്തിയ പപ്പ എന്നെ ചേര്‍ത്തുപിടിച്ച് ഒരു ഉമ്മ തന്നു. ആ ഉമ്മ ഞാന്‍ എല്ലാ കാലവും ഓര്‍ത്തിരിക്കുന്ന മനോഹര നിമിഷമാണ്.
പപ്പ കെ.പി.അലക്സാണ്ടര്‍ വൈദികന്‍ ആയിരുന്നു. പുരോഹിതന്‍മാരുടെ മക്കള്‍ സിനിമയിലേക്ക് പോകുന്നത് ഒരു തെറ്റായി കണ്ടിരുന്ന കാലത്താണ് എന്റെ പപ്പ എന്നെ സിനിമ പഠിക്കാന്‍ വിടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപോയി. അമ്മ ലീലാമ്മ റിട്ടയേര്‍ഡ് അധ്യാപികയാണ്. ഭാര്യ ഷീബ തിരുവല്ല മാര്‍തോമ്മാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന രക്ഷിത്, മൂന്ന് വയസുകാരന്‍ മന്നവ് എന്നിവരാണ് മക്കള്‍,' വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക