ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുരുങ്ങിയ വമ്പന്‍ സ്രാവുകള്‍; മലയാള സിനിമയില്‍ മാറ്റത്തിന്റെ കാഹളമോ?
2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. സൂപ്പര്‍താരം ദിലീപ് അടക്കം പിന്നീട് ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്
Nelvin Gok / [email protected]
What is Hema Committee Report: രാജ്യത്തെ ഏറ്റവും ചെറിയ സിനിമ ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് മലയാളം. പക്ഷേ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ലോക സിനിമയോടു കിടപിടിക്കുന്ന സൃഷ്ടികളാണ് സമീപകാലത്ത് മലയാളത്തില്‍ സംഭവിച്ചിട്ടുള്ളത്. മലയാള സിനിമ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ചര്‍ച്ചയാകുന്നത് വലിയ അഭിമാനത്തോടെ നാം നോക്കികാണുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മലയാള സിനിമയുടെ നല്ല പേരിനു കളങ്കം സൃഷ്ടിക്കുന്നതാണ്. എങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഭാവിയില്‍ വളരെ സൗഹാര്‍ദ്ദപരവും ലിംഗസമത്വത്തില്‍ അധിഷ്ഠിതവുമായ ഇന്‍ഡസ്ട്രിയായി മാറാന്‍ മലയാള സിനിമയ്ക്കു സാധിക്കുമെന്ന പ്രതീക്ഷയും നമുക്കുണ്ട്.
എന്താണ് ഹേമ കമ്മിറ്റി ?
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. മുന്‍ ജഡ്ജി കൂടിയായ ജസ്റ്റിസ് കെ.ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ മുതിര്‍ന്ന നടി ശാരദ, റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017 ജൂലൈ ഒന്നിനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്.
നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി രൂപീകരണവും
2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. സൂപ്പര്‍താരം ദിലീപ് അടക്കം പിന്നീട് ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ആക്ഷേപം ഉയര്‍ന്നു. സിനിമയില്‍ ജോലി ചെയ്യുന്ന ഏതാനും വനിതകളുടെ നേതൃത്വത്തില്‍ 'വുമണ്‍ ഇന്‍ സിനിമ കളക്ടീവ്' (WCC) സംഘടനയ്ക്കു രൂപം നല്‍കി. WCC യുടെ അടക്കം നിരന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ രൂപംനല്‍കിയ കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. 2017 ജൂലൈ ഒന്നിനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്.
റിപ്പോര്‍ട്ട് വെളിച്ചംകണ്ടത് നാലര വര്‍ഷത്തിനു ശേഷം
2019 ഡിസംബര്‍ 31 നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടത് 2024 ഓഗസ്റ്റ് 19 നാണ്. നിയമകുരുക്കുകളെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ വൈകിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സിനിമ മേഖലയിലെ സ്ത്രീകള്‍ നടത്തിയ പല വെളിപ്പെടുത്തലുകളും അതേപടി പരസ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകള്‍ സാസ്‌കാരിക വകുപ്പിന്റെ മുഖ്യവിവരാവകാശ ഓഫീസര്‍ നിരസിച്ചു. അതിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ 2020ല്‍ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കഴിയില്ലെന്ന് 2020 ഒക്ടോബര്‍ 22 ന് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം.പോള്‍ ഉത്തരവിട്ടു.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നല്‍കിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാല്‍ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്. 2020 ല്‍ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്താണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ 2024 ജൂലൈ 7 ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ 2024 ജൂലൈ 24 നു ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തുകയും പിന്നീട് 2024 ഓഗസ്റ്റ് 13 നു ഈ സ്റ്റേ പിന്‍വലിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടിലെ ഉള്ളടക്കം
പേരുകേട്ട പല താരങ്ങള്‍ക്കെതിരെയും സിനിമയിലെ സ്ത്രീ ജീവനക്കാര്‍ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമയിലെ 30 മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 233 പേജുകളാണ് റിപ്പോര്‍ട്ടില്‍ ആകെയുള്ളത്. സ്വകാര്യത മാനിക്കപ്പെടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് 50 ലേറെ പേജുകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇരയുടെയോ ആരോപണ വിധേയരുടെയോ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും സിനിമ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പല നടന്‍മാരും അപ്രഖ്യാപിത വിലക്ക് നേരിട്ടിട്ടുണ്ട്. WCC പോലെയുള്ള സംഘടനകള്‍ സിനിമയിലെ അഭിനേതാക്കളുടെ പ്രശ്‌നങ്ങള്‍ പുറംലോകത്ത് ചര്‍ച്ചയാകാന്‍ കാരണമായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന നടന്‍മാരും പുരുഷ ജീവനക്കാരും സിനിമയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു.
നടി ആക്രമിക്കപ്പെട്ടതു പോലെയുള്ള നിരവധി സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതു മാത്രമാണ് പുറംലോകം അറിഞ്ഞത്. അത്തരത്തിലുള്ള പല സംഭവങ്ങളും വെളിച്ചത്ത് വന്നിട്ടില്ല. അവസരങ്ങള്‍ ലഭിക്കാന്‍ കിടപ്പറ പങ്കിടേണ്ട അവസ്ഥ പോലും നടിമാര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി സ്ഥലത്തും താമസ സ്ഥലത്തും സ്ത്രീകള്‍ പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്തും എന്ന് ഭയപ്പെടുത്തും. അതുകൊണ്ട് പലരും തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനു പിന്നാലെ വമ്പന്‍മാര്‍ വീണു !
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖരില്‍ നിന്നു നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ അടക്കം വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് ധൈര്യം കിട്ടി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന രഞ്ജിത്ത് ആണ് ഈ വെളിപ്പെടുത്തലിനു പിന്നാലെ ആദ്യം വീണ വിക്കറ്റ്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ലൈംഗിക ആരോപണത്തിനു പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രഞ്ജിത്തിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടതാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നടനുമായ സിദ്ദിഖിനെതിരെ നടി രേവതി സമ്പത്താണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ആരോപണ വിധേയന്‍ ആയതിനാല്‍ 'അമ്മ'യുടെ ഭാരവാഹിയായി തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.
നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്, നടി മിനു മുനീര്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് മുകേഷിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 'അമ്മ'യുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സൂപ്പര്‍താരം ജയസൂര്യ, ബാബുരാജ്, മണിയന്‍പിള്ള രാജു, സംവിധായകന്‍ തുളസീദാസ് എന്നിവര്‍ക്കെതിരെയെല്ലാം ഇതിനോടകം ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇനിയെന്ത്?
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐജി സ്പര്‍ജന്‍ കുമാറാണ് അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുക. സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കും. പരാതി ഉള്ളവര്‍ക്കു അന്വേഷണ സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്കും നേരിട്ടു പരാതി നല്‍കാന്‍ സാധിക്കും.