മലയാളികള്‍ക്കിടയില്‍ പുഷ്പയ്ക്കും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തന്റേതായ മാര്‍ക്കറ്റ് സ്വന്തമാക്കിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയരുമ്പോള്‍ പുഷ്പയെ കേരളക്കരയും ഏറ്റെടുത്തിരുന്നു. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആഗോളതലത്തില്‍ മികച്ച കളക്ഷന്‍ നേടുന്നുവെങ്കിലും ആദ്യദിനത്തിന് ശേഷം തണുപ്പന്‍ പ്രതികരണമാണ് സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്നത്.
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞത് മുതല്‍ സമ്മിശ്രമായ പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. റിലീസ് ദിനത്തില്‍ 6.35 കോടി കേരളത്തില്‍ നിന്നും നേടിയ സിനിമ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 11.2 കോടി രൂപയാണ് കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. കോടികള്‍ കൊണ്ട് തുടങ്ങി ലക്ഷങ്ങളിലേക്ക് കേരളത്തിലെ കളക്ഷന്‍ വന്നതോടെ സിനിമയെ കേരളം കൈവിട്ടതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്.