മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും വിജയിച്ച സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായി എത്തിയ സിനിമ മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ സിനിമ കണ്ടതായുള്ള റിപ്പോര്‍ട്ടാണ് വരുന്നത്. സിനിമ ഇഷ്ടപ്പെട്ട അല്ലു അഭിനന്ദനങ്ങള്‍ അറിയിക്കാനായി സിനിമയുടെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിക്കുകയും സിനിമ ഇഷ്ടമായെന്ന് അറിയികുകയും ചെയ്തു.
സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ അല്ലുവിനെ ഏറെ സ്വാധീനിച്ചു. സിനിമയുടെ പ്രൊഡക്ഷന്‍ വാല്യൂവിനെ പറ്റിയും അദേനിയോട് അല്ലു സംസാരിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ സിനിമ ഉണ്ണി മുകുന്ദന് തന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് നല്‍കിയത്. യുവതലമുറ സിനിമയ്ക്കായി അടിച്ചുകയറിയപ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ 100 കോടിക്ക് മുകളില്‍ സ്വന്തമാക്കി. സിനിമയുടെ വിജയത്തിന് പിന്നാലെ മാര്‍ക്കോ സിനിമയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.