മലയാളത്തിൽ സ്ത്രീപക്ഷ കഥകൾ പറയുന്ന സിനിമകൾ നിർമിക്കാൻ നിർമാതാക്കൾക്ക് ഭയമാണെന്ന് നടി അനന്യ. സ്ത്രീകേന്ദ്രീകൃത കഥകൾ നിരവധി വരുന്നുണ്ട്. മിക്ക നടിമാരെ തേടി അത്തരം കഥകൾ എത്തുന്നുണ്ട്. എന്നാൽ അതൊരു സിനിമയാക്കി മാറ്റാൻ നിർമാതാക്കൾ തയ്യാറാകുന്നില്ലെന്നും അനന്യ പറയുന്നു.
''നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. സ്ത്രീകേന്ദ്രീകൃതമായ സിനിമകളിൽ പ്രൊഡക്ഷൻസ് ഇനിഷ്യേറ്റീവ് എടുത്തിട്ട് വരാനുള്ള ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. വിഷമത്തോടെയാണ് ഇത് പറയുന്നത്. ആരും നെഗറ്റീവ് ആയിട്ട് എടുക്കരുത്. സ്ത്രീകേന്ദ്രീകൃത കഥ എന്ന് പറയുമ്പോൾ അവർക്ക് ഭയമാണ്. ഇതെങ്ങനെ മാർക്കറ്റ് ചെയ്യും, എങ്ങനെ ബജറ്റ് കവർ ചെയ്യാൻ പറ്റും, പ്രേക്ഷകർ കാണുമോ സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയമുണ്ട്. അതൊരു വസ്തുതയാണ്'' എന്നാണ് അനന്യ പറയുന്നത്.
കഴിഞ്ഞ കൊല്ലം ഞാൻ ആറ് സിനിമകളുടെ കഥ കേട്ടു. എല്ലാം ഫീമെയിൽ സബ്‌ജെക്ടുകളാണ്. അതിന് നിർമാതാക്കളെ നോക്കുമ്പോൾ എല്ലാവരും പിന്മാറുകയാണ്. എന്തിനാണ് ആ ഭയമെന്ന് മനസിലാകുന്നില്ലെന്നും അനന്യ പറയുന്നു.
''വളരെയധികം സ്ത്രീപക്ഷ കഥകൾ വരുന്നുണ്ട് മലയാളത്തിൽ. നടിമാരോട് ചോദിച്ചാൽ മനസിലാകും. ഓരോരുത്തരേയും തേടി ഒരുപാട് സിനിമകൾ വരുന്നുണ്ട്. കുറേ വിഷയങ്ങളുണ്ട്. പക്ഷെ ഇതൊന്ന് പ്രാക്ടിക്കലി സിനിമയായി വരാനുള്ള സ്‌പേസ് ഇപ്പോൾ എത്തിയിട്ടില്ല. ലോക അത് ബ്രേക്ക് ചെയ്തതാണെന്ന് തോന്നുന്നത്.
റിമയുടെ സിനിമയും വരുന്നുണ്ട്. മലയാളികൾ സ്ത്രീകേന്ദ്രീകൃത സിനിമകളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്തെങ്കിലും ഇനിഷ്യേറ്റീവ് എടുത്ത് മുന്നോട്ട് വന്നാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ സൃഷ്ടിക്കാനാവൂ. ഇനി ഒരു രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഫീമെയിൽ സബ്‌ജെക്ട് ധാരാളമായി വരും. അതിനൊരു തുടക്കമായിരുന്നു ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ. സൂക്ഷമദർശിനി വന്നു. ലോക വന്നു, റിമയുടെ ചിത്രം വരുന്നു. ഇനിയും വരും. അത്തരം സിനിമകൾക്ക് വേണ്ടി നിർമാതാക്കളും കൂടി മുന്നിട്ടിറങ്ങണം', അനന്യ പറയുന്നു.