തമിഴകത്തെ മികച്ച നടിമാരിൽ ഒരാളാണ് ആൻഡ്രിയ ജെറിമിയ. ആൻഡ്രിയ അഭിനയിച്ച മലയാള സിനിമയാണ് അന്നയും റസൂലും. ഇത് കൂടാതെ ലണ്ടൻ ബ്രിഡ്ജ്, ലോഹം തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം നടി ചെയ്തിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് ആൻഡ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
"മലയാളത്തിൽ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നു എങ്കിൽ ഞാൻ അവിടെപ്പോയി അഭിനയിച്ച് അവിടെ തന്നെ സെറ്റിൽ ആയേനെ"- എന്നാണ് ആൻഡ്രിയ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മാസ്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു താരം.
അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് ഇന്നാണ് തിയറ്ററുകളിലെത്തുന്നത്. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഡാർക്ക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.