വിവാഹത്തിലും പ്രസവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ആദ്യം നല്ലൊരു കരിയര്‍ ഉണ്ടാക്കുന്നതിനായി സ്ത്രീകള്‍ ശ്രദ്ധിക്കണമെന്ന് സംരഭകയും നടന്‍ രാം ചരണിന്റെ ഭാര്യയുമായ ഉപാസന കൊനിഡേല. നിലവില്‍ സ്ത്രീകള്‍ അവരുടെ കരിയറില്‍ ശ്രദ്ധ നല്‍കുകയും അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയും ചെയ്യുകയുമാണ് ചെയ്യേണ്ടതെന്നാണ് ഉപാസന പറഞ്ഞത്. ഐഐടി ഹൈദരാബാദില്‍ സ്ത്രീകള്‍ക്കായി നടത്തിയ കൗണ്‍സലിങ്ങിലാണ്‍ ഉപാസന ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്‍ക്കുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സാണ് എഗ് ഫ്രീസിംഗ് എന്നുള്ളത്. കാരണം നിങ്ങള്‍ സാമ്പത്തികമായി സ്വതന്ത്രയായി മാറുമ്പോള്‍ എപ്പോള്‍ വിവാഹം വേണമെന്നും കുട്ടികള്‍ വേണമെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാനാകും. തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയില്‍ ഉപാസന പറയുന്നു. ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെ എത്ര പേര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ കൈ ഉയര്‍ത്തിയത് പുരുഷന്മാരായിരുന്നു.
സ്ത്രീകള്‍ കൂടുതല്‍ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇതാണ് പുരോഗമന ഇന്ത്യയെന്നും ഉപാസന പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഉപാസനയുടെ വീഡിയോ ചര്‍ച്ചയായി കഴിഞ്ഞു. ഒരു ആരോഗ്യകരമായ സംവാദത്തിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉപാസന പിന്നീട് വ്യക്തമാക്കി. അതേസമയം കോടികള്‍ ബാങ്കിലുള്ളവര്‍ക്ക് അണ്ഡം മരവിപ്പിക്കുന്നതിനെ പറ്റി ഉപദേശം നല്‍കുന്നത് എളുപ്പമാണെന്ന് ഉപാസനയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.