സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബത്‌ലഹേം റീ റിലീസിന് ഒരുങ്ങുകയാണ്. മഞ്ജു വാര്യർ, ജയറാം, സുരേഷ് ഗോപി, മോഹൻലാൽ, കലാഭവൻ മണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 27 വർഷം മുൻപ് ഇറങ്ങിയ സിനിമയ്ക്ക് ഇന്നും വലിയ ഒരു ആരാധകകൂട്ടം തന്നെയുണ്ട്.
വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് സിയാദ് കോക്കർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സമ്മർ ഇൻ ബത്‌ലഹേമിന്റെ റീ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ 18 ആം വയസിലാണ് മഞ്ജു ഈ സിനിമ ചെയ്തത്.
"സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റ് അടിപൊളിയായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 18 വയസായിരുന്നു. ഞാൻ അഭിനയിച്ച സിനിമകളെപ്പറ്റി മറ്റുള്ളവർ പറയുമ്പോൾ സമ്മർ ഇൻ ബത്‌ലഹേമിന്റെ പേര് എപ്പോഴുമുണ്ടാകും. അങ്ങനെയൊരു സിനിമയും കഥാപാത്രവുമായിരുന്നു അത്. സമ്മർ ഇൻ ബത്‌ലഹേം ചെയ്യുമ്പോൾ ഇത് ഇത്ര വലിയ സ്കെയിലിലുള്ള സിനിമയാണെന്നൊന്നും അറിയില്ല.
ഒരു മൾട്ടി സ്റ്റാർ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ നിൽക്കുന്നതെന്ന തിരിച്ചറിവും ഇല്ല. അതൊന്നും തിരിച്ചറിയാനുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. പ്രണയവര്‍ണങ്ങളും കളിവീടും ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു. എന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഭാഗമായ ജയറാമും സുരേഷ് ഗോപിയും ആ സിനിമയിലുണ്ടായിരുന്നു. അത്രയും കംഫര്‍ട്ട് സോണില്‍ ഞാൻ ആസ്വദിച്ച ചെയ്ത സിനിമയാണിത്.
ജയറാമേട്ടനും മണി ചേട്ടനും ഒന്നിച്ച് കൂടിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഷോട്ടിന് പോകാന്‍ പോലും മടിയായിരുന്നു. അത്രയും തമാശകള്‍ നിറഞ്ഞതായിരുന്നു ലൊക്കേഷന്‍. ഒരുപാട് ലെയറുകളുള്ള കോംപ്ലിക്കേറ്റഡായിട്ടുള്ള കഥാപാത്രമാണ് ആമി. അത് ഞാന്‍ അന്ന് ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ട ഗൗരവം കൊടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പൂര്‍ണമായും സിബി ചേട്ടന്റെയും രഞ്ജിയേട്ടനും ഗൈഡന്‍സിലാണ് ഞാന്‍ ചെയ്തത്. ഇപ്പോഴത്തെ ഒരു അറിവും അനുഭവങ്ങളും വെച്ച് ആലോചിച്ച് നോക്കുമ്പോള്‍, എന്ത് മാത്രം ഡിപ്രഷനിലൂടെയാണ് ആമി കടന്നു പോയിട്ടുള്ളതെന്ന് ആലോചിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നു', മഞ്ജു പറഞ്ഞു.