തന്റെ പേരിൽ പലതരത്തിലുള്ള കിംവദന്തികളും ഇൻഡസ്ട്രിയിൽ പ്രചരിച്ചിരുന്നുവെന്ന് സംവിധായക അഞ്ജലി മേനോൻ. തനിക്ക് സിനിമയെടുക്കാൻ അറിയില്ലെന്നും തന്റെ സിനിമകൾ സംവിധാനം ചെയ്തത് മറ്റ് പലരുമാണെന്ന് ഒരുകാലത്ത് പ്രചരിച്ചിരുന്നുവെന്ന് അഞ്ജലി പറയുന്നു. ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.
'ക്രൂവിന്റെ ഭാഗത്തു നിന്നും, ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യമുണ്ട്. സിനിമയൊക്കെ ഹിറ്റാകുന്നതിന് മുമ്പാണ്. ഇവർക്ക് വല്ലതും അറിയുമോ എന്നൊരു ഇവാലുവേഷൻ ഉണ്ടാകും. ആദ്യത്തെ ദിവസം അതുണ്ടാകും. പൊതുവെ ഞാൻ കണ്ടാൽ നേരെ ഗുഡ് മോണിങ് എന്ന് പറയുന്ന ആളാണ്. അത് തന്നെ ഇവിടെ അപൂർവ്വമാണ്.
ആദ്യത്തെ ഷോട്ട് കഴിഞ്ഞാൽ സെറ്റാണ്. പിന്നെ ആർക്കും കുഴപ്പമില്ല. പിന്നെ യാതൊരു ജഡ്ജിങുമില്ല. കാരണം നിങ്ങൾക്ക് പണിയറിയാമെന്ന് അവർക്ക് അറിയാം. ഇപ്പോഴും എത്രയോ കഥകളുണ്ട്. എനിക്ക് പണിയറിയില്ല, എന്റെ പടങ്ങളൊക്കെ ഡയറക്ട് ചെയ്ത് തന്നത് വേരെ ആരൊക്കയോ ആണ്, ഇപ്പോഴും അങ്ങനത്തെ കഥകൾ പറയുന്ന എത്രയോ പേരുണ്ട്.
ഇപ്പോഴും ടെക്‌നിഷ്യന്മാരൊക്കെ എന്റെയടുത്ത് വന്ന് പറയാറുണ്ട്, നിങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളത് വേറെ എന്തൊക്കയോ കഥകൾ ആണ്. നിങ്ങളുടെ കൂടെ ജോലി ചെയ്യുക പ്രയാസമായിരിക്കുമെന്നാണ് കരുതിയത് എന്നൊക്കെ. വരുമ്പോൾ ഭയങ്കര ടെൻഷൻ ആയിട്ടാകും വരിക. പക്ഷെ തിരികെ പോവുക ഓ ഇവിടെ ജോലി ചെയ്യാൻ ഈസിയാണല്ലോ എന്ന ചിന്തയുമായിട്ടാകും', എന്നാണ് അഞ്ജലി പറയുന്നത്.
സ്ത്രീപക്ഷ സിനിമകളും സത്രീകൾ എടുക്കുന്ന സിനിമകളും വരുന്നുണ്ട്. പക്ഷെ എത്ര സ്ത്രീകൾ ആദ്യ ദിവസം, ആദ്യ ഷോയ്ക്ക് പോയി സിനിമ കാണുന്നുണ്ട് എന്നും അഞ്ജലി ചോദിക്കുന്നു. അവരത് ചെയ്യുകയാണെങ്കിൽ എത്ര വ്യത്യാസം വരും. കൂടുതൽ സ്ത്രീപക്ഷ സിനിമകൾ വരണമെങ്കിൽ അവർ പോയി കാണണം. അവർ പോയി സിനിമ കണ്ടാൽ മാത്രമേ തിയേറ്ററിൽ നിൽക്കൂ. മൂന്ന് ദിവസം ഓടിയില്ലെങ്കിൽ എടുത്തു മാറ്റപ്പെടും. പ്രേക്ഷകർക്കും അവരുടേതായി റോളുണ്ടെന്നാണ് അഞ്ജലി മേനോൻ പറയുന്നത്.