Pooja Hegde: ബോളിവുഡ് എന്നെ ഗ്ലാമറസ് റോളുകളിലേക്ക് മാത്രം കാസ്റ്റ് ചെയ്‌തു, ഒടുവിൽ ആ സിനിമയാണ് മാറ്റമുണ്ടാക്കിയത്: പൂജ ഹെഗ്‌ഡെ
റെട്രോയിലെ രുക്മിണി എന്ന വേഷം തനിക്ക് നൽകിയതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിനും നടി നന്ദി അറിയിച്ചു.
സൗത്ത് ഇന്ത്യയിൽ നിരവധി സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് പൂജ ഹെഗ്‌ഡെ. നോർത്തിൽ ഫിലിംമേക്കേഴ്‌സ് തന്നെ ഗ്ലാമറസ് റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യുകയാണെന്ന് നടി തുറന്നു പറയുന്നു. സൗത്തിൽ താൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് നോർത്തിലെ സംവിധായകർക്ക് അറിയില്ല.
സിനിമയിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കാനാണ് താൻ വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതെന്നും പൂജ ഹെഗ്‌ഡെ പറഞ്ഞു. ഒപ്പം റെട്രോയിലെ രുക്മിണി എന്ന വേഷം തനിക്ക് നൽകിയതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിനും നടി നന്ദി അറിയിച്ചു.
'നോർത്ത് ഇന്ത്യയിലെ ഫിലിംമേക്കേഴ്‌സ് എന്നെ പലപ്പോഴും ഗ്ലാമറസ് റോളുകൾക്ക് മാത്രമാണ് വിളിക്കുന്നത്. സൗത്തിൽ ഞാൻ ചെയ്യുന്ന റോളുകളെക്കുറിച്ച് അവർക്ക് അറിയില്ല. സിനിമയിൽ നിങ്ങൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുക സാധാരണമാണ്. അതുകൊണ്ടാണ് പല തരത്തിലുള്ള വേഷങ്ങൾ ചെയ്ത് അത് ബ്രേക്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും കാർത്തിക് സുബ്ബരാജ് സാറിനാണ്. രുക്മിണി എന്ന കഥാപാത്രം എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് എന്നേക്കാൾ ആദ്യം അദ്ദേഹം വിശ്വസിച്ചു. രാധേ ശ്യാം കണ്ടിട്ടാണ് എന്നെ റെട്രോയിലേക്ക് വിളിച്ചതെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. വളരെ വിഷൻ ഉള്ള ഒരു ഫിലിംമേക്കറിന് മാത്രമേ അങ്ങനെ കാണാൻ കഴിയൂ', പൂജ ഹെഗ്‌ഡെ പറഞ്ഞു.