തമിഴ് നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തന്റെ ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ വ്യക്തമാക്കി. തെന്നിന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മൃണാലിന്റെ ബർത്ത് ഡേ പാർട്ടിയിലും ധനുഷ് പങ്കെടുത്തു. ഇതും അഭ്യൂഹങ്ങൾക്ക് കാരണമായി.
ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി. മൃണാൾ പറഞ്ഞതായി ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്തു. സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി. അജയ് ദേവ്ഗണാണ് ക്ഷണം നൽകിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തിൽ ആരും അധികം ചിന്തിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.