Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പനും മകളുമായി അഭിനയിച്ചു,ആ പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമായ ഇന്നസെൻറ്

അപ്പനും മകളുമായി അഭിനയിച്ചു,ആ പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമായ ഇന്നസെൻറ്

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മാര്‍ച്ച് 2023 (09:11 IST)
2011 ൽ പുറത്തിറങ്ങിയ സ്‌നേഹവീട് എന്ന ചിത്രത്തിൽ അച്ഛനായി ഇന്നസെൻറ് മകളായി അരുന്ധതിയും അഭിനയിച്ചിരുന്നു. ഇന്നസെൻറ് മായുള്ള 20 ദിവസത്തെ പരിചയം മതിയായിരുന്നു അന്ന് 17 കാരിയായ തൻറെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ എന്നാണ് അരുന്ധതി പറയുന്നത്.
അരുന്ധതിയുടെ വാക്കുകളിലേക്ക്
 
ഉച്ചയായിട്ടും ഒരു വാട്‌സാപ് സ്റ്റേറ്റസ് പോലും കാണാതിരുന്നപ്പൊ അച്ഛൻ മെസേജ് അയച്ചു ' നീ എന്താ ഒന്നും എഴുതാത്തത്'. അറിയില്ല അച്ഛാ എന്താ എഴുതേണ്ടതെന്ന്. എഴുത്തിനു വഴങ്ങാതെ നിൽക്കുന്നു അദ്ദേഹത്തിന്റെ ഓർമ്മകൾ.
 
ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്.
അപ്പനും മകളുമായി അഭിനയിക്കുന്നതുകൊണ്ട് ഒന്നിച്ച് കുറേ നേരം കിട്ടി ഞങ്ങൾക്ക്. ഇടവേളകളിൽ എപ്പോഴും അടുത്തിരിക്കാൻ കസേര നൽകും, വായിച്ച പുസ്തകങ്ങളെക്കുറിച്ച്, ഇഷ്ടമുള്ള മനുഷ്യരെക്കുറിച്ച്, എന്തിനെപ്പറ്റിയും നിറയെ വർത്തമാനം പറയാൻ പ്രോത്സാഹിപ്പിക്കും... മിക്കപ്പോഴും അദ്ദേഹം മടങ്ങുന്ന വണ്ടിയിൽ കൂടെക്കൂട്ടും... സിനിമ സെറ്റ് പോലെ ശ്രേണീബദ്ധമായ ഒരു സ്ഥലത്ത് പതിനേഴു വയസ്സുള്ള ആളെ തന്നോളം പോന്ന വ്യക്തിയായി കാണാനുള്ള വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.
 
ഒരു ദിവസം സെറ്റിലെത്തിയപാടെ സർ എന്നോട് ചോദിച്ചു ' നിനക്ക് വല്ലതും അറിയാമോ ദയ ബായി എന്ന ആളെപ്പറ്റി? അറിയുന്നതൊക്കെ പറയ് കേൾക്കട്ടെ'. ലൊക്കേഷന് അടുത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ദയ ബായി ആണത്രെ മുഖ്യാതിഥി. സ്മാർട് ഫോണിന് മുൻപുള്ള കാലമാണ്. ആഴ്ചപ്പതിപ്പിലും പത്രത്തിലുമൊക്ക വായിച്ചിട്ടുള്ള വിവരങ്ങൾ ഒരു സ്‌കൂൾ കുട്ടിയുടെ ധാരണകളാവും ഞാൻ പറഞ്ഞിട്ടുണ്ടാവുക. കുറച്ചു കഴിഞ്ഞ് ഇന്നസെന്റ് സർ വീണ്ടും വന്നു. ''നീ കഷ്ടപ്പെട്ട് ഇത്രയൊക്കെ എന്നെ പഠിപ്പിച്ചതല്ലേ നീയും വാ പരിപാടിക്ക്' എന്ന് ചിരിച്ചു. ആ ചിരി അന്നുമുതൽ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നു.
 
അന്നാ വേദിയിൽ, ആ കുട്ടിയെ കൂടെക്കൂട്ടുക മാത്രമല്ല, പ്രസംഗത്തിൽ അവളെപ്പറ്റി പറയുകയും, സംഘാടകർ നൽകിയ സമ്മാനം ആ പെൺകുട്ടിക്ക് കൊടുക്കുകയും ചെയ്തു ശ്രീ ഇന്നസെന്റ്. വീട്ടിലെ ലിവിങ് ഏരിയയുടെ ചുമരിൽ ഇപ്പോഴും ആ സമ്മാനമുണ്ട്.
 
മുന്നോട്ടുള്ള കരിയർ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്ന ഒരു കൗമാരക്കാരിക്ക് തെളിച്ചം കൊടുത്തത് ഇന്നസെന്റ് സാറാണ്. അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു academia ആണ് ഞാൻ പോകേണ്ട വഴിയെന്ന്. എന്റെ അച്ഛനോടും അമ്മയോടും അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞുറപ്പിക്കുകയും ചെയ്തു. 
 
വിട പറയുന്നില്ല, സർ. എല്ലാക്കാലവും ആദരവോടെ ഓർത്തുകൊണ്ടേയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസില്‍ പോകുന്നതിലും നല്ലത് ലുലു മാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നത്; അന്ന് അഖില്‍ മാരാര്‍ പറഞ്ഞു, ഇന്ന് ബിഗ് ബോസിലെ മത്സരാര്‍ഥി