മലയാള സിനിമയിലെ ഡബ്ബിങ് ആർട്ടിസ്റ്റുമാരിൽ പ്രധാനിയാണ് ഭാഗ്യലക്ഷ്മി. നിരവധി നടിമാർക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് തനിക്ക് ഡബ്ബ് ചെയ്യാൻ പേടിയാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പൊതുവിഷയങ്ങളിൽ ഇടപെട്ട് ആളുകൾക്ക് തന്റെ ശബ്ദം പരിചിതയമായി മാറിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
താൻ ഡബ്ബ് ചെയ്ത് മോശമായ സിനിമകളുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടിട്ട് താൻ എന്തിനിത് ചെയ്തുവെന്ന് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിത്യ മേനോനും തന്റെ ശബ്ദം ചേരില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സൈന സൗത്ത് പ്ലസിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
'ഞാൻ ചെയ്തു വൃത്തികേടാക്കിയ സിനിമ ഏതെന്ന് ചോദിച്ചാൽ ഞാൻ എണ്ണിയെണ്ണി പറഞ്ഞു തരാം. എന്റെ ശബ്ദം ഒരിക്കലും ചേരാത്ത ഒരാളാണ് ഭാവന. ഭാവനയ്ക്ക് ഡബ്ബ് ചെയ്ത ഈയ്യടുത്ത് കണ്ടപ്പോൾ എന്തിന് ഞാനത് ചെയ്തുവെന്ന് തോന്നി. എന്ത് വലിയ തെറ്റാണ് ഞാൻ ചെയ്തത്? ഭാവനയോട് പറഞ്ഞാൽ അവർ ചിരിക്കും. അത് ഞാൻ ചെയ്യരുതായിരുന്നുവെന്ന് തോന്നി.
നിത്യ മേനോന് ഒരു സിനിമയിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. അയ്യേ! നിത്യയ്ക്ക് എന്റെ ശബ്ദം ചേരുന്നതേയില്ല. എന്നിട്ടും ഞാൻ എന്തിന് അത് ചെയ്തു? ഇപ്പോൾ ആരെങ്കിലും വിളിക്കുമ്പോൾ ഞാൻ വേണോ? നിങ്ങൾ വേറെ ആരെയെങ്കിലും നോക്കൂവെന്ന് പറയും. ഭയങ്കര വലിയ പ്രതിഫലം പറയുമ്പോൾ അവർ പേടിച്ചോടും', ഭാഗ്യലക്ഷ്മി പറഞ്ഞു.