ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹരീഷ് പേരടിയും നടനും എഴുത്തുകാരനുമായ മധുപാലും രംഗത്ത്.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ പ്രവർത്തകർ അടിച്ചുതകർത്തത്. സെറ്റ് മതവികാരം വൃണപ്പെടുത്തുന്നുവെന്നാണ് സംഘടനയുടെ വാദം.എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു കൃത്യം.കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ ബോധമുള്ള ആളുകൾ പ്രതികരിക്കണമെന്ന് മധുപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇത് കേരളമാണെന്നും ഇത്തരം വിഷജന്തുക്കളായ മതഭ്രാന്തന്മാരെ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും ഹരീഷ് പേരറ്റി പ്രതികരിച്ചു. എല്ലാ ജനാധിപത്യവാദികളോടും സംഭവത്തിൽ പ്രതിഷേധിക്കാനും ഹരീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.