ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് ദേശീയ വാർഡ് ലഭിക്കാതെ പോയത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഇപ്പോഴിതാ, ഇത് സംബന്ധിച്ച് ബ്ലെസി ചന്ദ്രിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.
ഇന്ത്യയിൽ ഇ.ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്നുമാണ് ബ്ലെസി പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസി. അവാർഡ് ലഭിക്കാൻ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണെന്ന് ബ്ലെസി റിപ്പോർട്ടറിനോട് പ്രതികരിച്ചു.
'അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്ക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും.
ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ വരുമ്പോൾ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷൻ വലുതാണ്. ഗൾഫിൽ സൈമ അവാർഡിനായി പോയപ്പോൾ മഹാരാജ എന്ന സിനിമയുടെ സംവിധായകൻ അവാർഡ് ലഭിക്കാതെ പോയപ്പോൾ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത് എന്ന് ചോദിച്ചു.
എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുകയാണ് എന്നാണ് അദ്ദേഹത്തോട് താൻ മറുപടി നൽകിയത്', ബ്ലെസി പറഞ്ഞു.