ഗാർഹിക പീഡനം, നാത്തൂൻ പോര്; നടി ഹൻസികയ്‌ക്കും കുടുംബത്തിനുമെതിരെ സഹോദരന്റെ ഭാര്യ മുസ്‌കാൻ നാൻസി ജെയിംസ്
ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതി നൽകിയത്.
മുംബൈ: നടി ഹൻസിക മോട്‌വാനിയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതി നൽകിയത്. ഭർത്താവ് പ്രശാന്ത് മോട്‌വാനി, ഭർതൃമാതാവ് മോന മോട്‌വാനി, ഭർതൃ സഹോദരി ഹൻസിക മോട്‌വാനി എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുസ്‌കാന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണ് ആരോപണം. മൂവരും തന്റെ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് ബന്ധം വഷളായതെന്നും ഇവർ പരാതിയിൽ ആരോപിച്ചു.
താൻ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ടെന്നും മുസ്‌കാൻ പരാതിയിൽ പറയുന്നു. ഡിസംബർ 18 നാണ് താരം അംബോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസ് പരിശോധിച്ച ശേഷം മോട്‌വാനി കുടുംബത്തിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രശാന്തും മുസ്‌കാനും വേർപിരിയുന്നുവെന്ന വാർത്തകൾ പ്രചരിച്ചത്.