വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ?
ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അടുത്ത ഫെബ്രുവരിയിലായിരിക്കും വിവാഹമെന്നുമാണ് റിപ്പോർട്ട്.
താരങ്ങൾ ഔദ്യോഗികമായി ഈ വിവരം അറിയിക്കുന്നതുവരെ ചടങ്ങിന്റെ ഒരു ഫോട്ടോസും വീഡിയോസും എവിടെയും പുറത്തുവിടാൻ സാധ്യതയില്ല. വളരെയധികം കാലങ്ങളായി വിജയ്‍യും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. പക്ഷേ ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
പല ഇന്റർവ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ തരുമെങ്കിലും എന്നെങ്കിലും ഇവർ അത് തുറന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാർത്തകൾ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയർ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതുമുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്.