കൽക്കി സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെ ഷാരൂഖ് ഖാന്റെ ഒപ്പം കൈപിടിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദീപിക പദുകോൺ. ആദ്യ സിനിമയിൽ തന്നെ ഷാരൂഖ് തനിക്ക് പകർന്ന് നൽകിയ പാഠത്തെക്കുറിച്ചും തന്റെ തീരുമാനങ്ങളിൽ ആ പാഠം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി.
ഒരു സിനിമയുടെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് ആരുടെ കൂടെ ജോലി ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. ആരുമായി സഹകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ തീരുമാനമെന്നും ദീപിക ചൂണ്ടിക്കാട്ടി. കൽക്കി ടീമിനുള്ള മറുപടിയാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
'18 വർഷങ്ങൾക്ക് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഉണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?', ദീപിക കുറിച്ചു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദീപികയുടെ ഈ പോസ്റ്റ് വൈറലാണ്. കൽക്കിയുടെ രണ്ടാം ഭാഗത്ത് നിന്നും ദീപിക സ്വയം പിന്മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിൽ മുഴുനീള കഥാപാത്രമായിരുന്നു ദീപികയുടേത്. എന്നാൽ രണ്ടാം ഭാഗത്തിൽ കാമിയോ റോളിലേക്ക് വെട്ടിച്ചുരുക്കിയതിനാലാണ് നടി സിനിമ ഉപേക്ഷിച്ചത്.