ദീപിക 'തലവേദന', ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ട്; 'കല്‍ക്കി' നിര്‍മാതാക്കള്‍ കൈവിടാന്‍ പ്രധാന കാരണം ഇതാണ് !
കല്‍ക്കി ആദ്യ ഭാഗത്തിനു ലഭിച്ച പ്രതിഫലത്തിന്റെ 25 ശതമാനം വര്‍ധനവ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായാണ് വിവരം
'കല്‍ക്കി'യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കാന്‍ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തീരുമാനിച്ചതിന്റെ കാരണം തേടുകയാണ് ആരാധകര്‍. 'കല്‍ക്കി'യുടെ ആത്മാവാണ് ദീപികയുടെ കഥാപാത്രമെന്നും അവര്‍ ഇല്ലാതെ രണ്ടാം ഭാഗം ചിന്തിക്കാന്‍ സാധിക്കില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ദീപികയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടാണ് രണ്ടാം ഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും പരോക്ഷമായി പറഞ്ഞുവയ്ക്കുകയാണ് നിര്‍മാതാക്കള്‍. കല്‍ക്കി രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കളുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കല്‍ക്കി ആദ്യ ഭാഗത്തിനു ലഭിച്ച പ്രതിഫലത്തിന്റെ 25 ശതമാനം വര്‍ധനവ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായാണ് വിവരം. പ്രധാന വേഷം അവതരിപ്പിക്കുന്ന പ്രഭാസിന്റെ പ്രതിഫലത്തേക്കാള്‍ ഉയര്‍ന്നതാണ് ദീപിക കല്‍ക്കി നിര്‍മാതാക്കളോടു രണ്ടാം ഭാഗത്തിനായി ആവശ്യപ്പെട്ടത്. അതോടൊപ്പം ഒരു ദിവസം ഏഴ് മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം സാധ്യമല്ല, തന്റെ ഒപ്പമുള്ളവര്‍ക്ക് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ലഭ്യമാകണം തുടങ്ങിയ ഡിമാന്‍ഡുകളും ദീപിക മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് കല്‍ക്കി നിര്‍മാതാക്കള്‍ ദീപികയെ ഒഴിവാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.