ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചതായുള്ള വാര്‍ത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകള്‍ ഇഷ ഡിയോളും. താരം ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിച്ചുവരികയുമാണെന്ന് പറഞ്ഞ ഹേമ മാലിനി എങ്ങനെയാണ് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഇങ്ങനെ തെറ്റായ വാര്‍ത്തകള്‍ കൊടുക്കാന്‍ സാധിക്കുന്നത് എന്നും ചോദിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ മരണം സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങള്‍ ഹേമ മാലിനി തള്ളികളഞ്ഞത്.
സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്ത കാര്യമാണ്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാവുക. ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകതയ്ക്കും അര്‍ഹമായ ബഹുമാനം നല്‍കുക. ഹേമ മാലിനി എക്‌സില്‍ കുറിച്ചു.
അതേസമയം മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ച്. അച്ഛന് കുഴപ്പമൊന്നുമില്ല. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അച്ഛന്‍ സുഖം പ്രാപിച്ചുവരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇഷ അറിയിച്ചു.