കളങ്കാവൽ മമ്മൂട്ടി ചെയ്‌താൽ നന്നാകുമെന്ന് പറഞ്ഞത് പൃഥ്വിരാജ്
സിനിമയിൽ വിനായകന് പകരം ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏറെ നിരൂപ പ്രശംസ ലഭിക്കാൻ പോകുന്ന ചിത്രമാകും ഇതെന്ന് ഉറപ്പ്. സിനിമയിൽ വിനായകന് പകരം ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ജിതിൻ.
കഥ പറയാൻ ചെന്നപ്പോൾ സിനിമയിൽ മമ്മൂട്ടി ഒരു കഥാപാത്രം ചെയ്‌താൽ നല്ലതായിരിക്കും എന്ന് പൃഥ്വി പറഞ്ഞിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'തിരക്കഥ വികസിച്ചപ്പോള്‍ ഒരു കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടേക്കാം എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കും വന്നു. ശ്രമിച്ചുനോക്കാം എന്ന് കരുതി. വിവേക് ദാമോദരന്‍ എന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വഴി മമ്മൂക്കയെ കാണാന്‍ ശ്രമിച്ചു.
പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾക്ക് സ്പേസ് ഉള്ള ചിത്രമാണിത്. അന്ന് മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായും ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തും കഥപറയാമെന്ന തീരുമാനത്തിലേക്ക് എത്തി. ഞങ്ങള്‍ പറയാതെ തന്നെ, ഒരു കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അപ്പോഴാണ് നമ്മളും അത് മനസിലുണ്ടെന്ന് പൃഥ്വിരാജിനോട് പറഞ്ഞത്.
വിനായകന്‍ ചെയ്ത കഥാപാത്രമായിരുന്നു പൃഥ്വിരാജിന് വേണ്ടി കരുതിയിരുന്നത്. പിന്നീട് മമ്മൂക്കയുടെ ഡേറ്റും അവയ്‌ലബിലിറ്റിയും കണക്കിലെടുത്താണ് ഷൂട്ടിലേക്ക് കടക്കുന്നത്. ആ സമയത്ത് പൃഥ്വി എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി തിരക്കിലായി. അങ്ങനെയാണ് മറ്റ് നടന്മാരുടെ സാധ്യത തേടിയത്. മമ്മൂക്കയാണ് വിനായകനെ സജസ്റ്റ് ചെയ്തത്', ജിതിന്‍ പറഞ്ഞു.