J.S.K Movie: Big M's, FaFa, SG എന്നിവരുടെ ആദ്യകാല ചിത്രങ്ങള്‍ മികച്ചതായിരുന്നില്ല, ഇത്രയും പരിഹാസം മാധവ് അർഹിക്കുന്നില്ല: പ്രവീൺ
മാധവിന് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' തിയേറ്ററിൽ ഓടുകയാണ്. അനുപ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ അസാധ്യ പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വാഴ്ത്തപ്പെടുന്നുണ്ട്. ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത മാധവ് സുരേഷ് പരിഹാസ്യനാവുകയാണ്. മാധവിന് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
ഇപ്പോഴിതാ, മാധവിനും ചിത്രത്തിനുമെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ രംഗത്ത്. ഏകദേശം 3 വർഷം എടുത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നാണ് സിനിമ പൂർത്തിയാക്കിയതെന്ന് പ്രവീൺ പറഞ്ഞു. പടം തിയേറ്ററിൽ പോയി കാണാതെ ബുദ്ധിജീവി ചമഞ്ഞ് ഒരു മുറിക്കുള്ളിൽ ഇരുന്നു എല്ലാവരെയും അടച്ചു ആക്ഷേപിക്കാൻ വളരെ എളുപ്പമാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ മാധവ് സുരേഷിനെതിരായ പരിഹാസങ്ങള്‍ക്കും പ്രവീണ്‍ മറുപടി നല്‍കി. മാധവ് ആദ്യമായ് ചെയ്ത വേഷം ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ലെന്നും സുരേഷ് ഗോപി സാറിന്റെ ആദ്യകാല സിനിമകൾ പോലും അത്ര മികച്ചതായിരുന്നില്ല എന്നും പ്രവീൺ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജാനകിയെ സീത ദേവി ആയി കണ്ട സെന്‍സര്‍ ബോര്‍ഡും ജെഎസ്‌കെ എന്ന സിനിമയെ, കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സിനിമ ആയി കാണുന്നവരും തമ്മില്‍ എന്താണ് വ്യത്യാസം…?? സൂപ്പര്‍ സ്റ്റാര്‍ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയുടെ പഴയ ഒരു സിനിമയിലെ ഡയലോഗ് ആണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഉള്ളത്, ഇതും സ്ഫടികത്തിലെ ആട് തോമയെയുമൊക്കെ കണ്ടാണ് സിനിമയെ സ്‌നേഹിച്ചത്, സിനിമാക്കാരനാകാന്‍ കൊതിച്ചത്. ഒരു സുപ്രഭാതത്തില്‍ സിനിമ സംവിധായകന്‍ ആയതൊന്നുമല്ല, സേഫ് ആയിട്ടുള്ള ജോലിയും, വരുമാനവും എല്ലാം ഉപേക്ഷിച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഇത്രയുമെങ്കിലും എത്തിയത്.
കലാകാരന്‍ സമൂഹത്തിന്റെ കണ്ണാടി ആണ് എന്നാണ് ഞാന്‍ കരുതുന്നത്, സിനിമ തുടങ്ങുമ്പോള്‍ പറയുന്ന ഫാദര്‍ ഫ്രാങ്കോ കേസ് തൊട്ട്, കേരളത്തില്‍ നടന്ന സംഭവവികാസങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സുരേഷേട്ടനെപ്പോലെ ഒരു fire brand സൂപ്പര്‍ സ്റ്റാര്‍ തിരിച്ചു വരവ് നടത്തി വന്നപ്പോള്‍ ആ സിനിമകളെ നമ്മള്‍ നെഞ്ചോടു ചേര്‍ത്തെങ്കിലും അതില്‍ എവിടെയൊക്കെയോ പഴയ എനര്‍ജി നഷ്ടമായ, ചടുലമായ ഡയലോസ് ഇല്ലാത്ത അയ്യോ പാവം എന്ന്‌തോന്നിപ്പിക്കുന്ന സുരേഷേട്ടനെയാണ് കാണാന്‍ കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജോഷി സര്‍ന്റെയും ഷാജി സര്‍ന്റെയും രഞ്ജി പണിക്കര്‍ സര്‍ന്റെയും ഒക്കെ സിനിമകളിലെ സുരേഷേട്ടനെയാണ് നമ്മള്‍ കാണാന്‍ കൊതിച്ചത്, അത്രയ്ക്കും തീപ്പൊരി അല്ലെങ്കിലും കുറച്ചൊക്കെ അങ്ങനെ ഒരു ഫയർ ഉള്ള അഡ്വക്കേറ്റ് ആണ് ഡേവിഡ് ആബെല്‍ ഡോണോവാന്‍.
സ്റ്റേറ്റിനെതിരെ ഒരു victim fight ചെയ്യേണ്ട സാഹചര്യത്തിലേയ്ക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ഇതുവരെ സിനിമ കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാവും.മമ്മൂട്ടിയുടെ വൺ സിനിമയില്‍ കാണിക്കുന്നത് പോലെ മുഖ്യമന്ത്രിയും, നിയമസഭയും, വാഹന വ്യൂഹവും, ഒക്കെ ആണ് ഞാനും സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്, അതൊന്നും ഷൂട്ട് ചെയ്ത് എടുക്കാനുള്ള സാമ്പത്തികം ഞങ്ങള്‍ക്ക് ഇല്ലാതെ ആയത്‌കൊണ്ട് ആ ഒരൊറ്റ ഷോട്ടില്‍ ചിലവ് കുറച്ച് സ്റ്റേറ്റ് നെ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ എങ്ങിനെ കാണിക്കാം എന്നുള്ള ചിന്തയില്‍ നിന്നാണ്, ആ രൂപ സാദൃശ്യം ഉള്ള ഒരാളെ ഉപയോഗിച്ചത്, റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഈ പടത്തിനു അനുമതി നല്‍കിയതുമാണ്.
ഭരണപക്ഷത്തു ആര്‍ക്കും അതില്‍ ഒരു അപാകതയും തോന്നിയിട്ടുമില്ല, അന്ന് cbfc ഇഷ്യൂ വന്നപ്പോള്‍ കേന്ദ്രത്തിനെ കുറ്റം പറഞ്ഞത് പോലെ തന്നെ അണികള്‍ എല്ലാവരുടെ നല്ല രീതിയില്‍ reviews ഇട്ടു ഡീഗ്രേഡിങ് നടത്തുന്നുമുണ്ട്. രാജാവിനെക്കാളും വലിയ രാജഭക്തി തന്നെ…!
ഒരുകാര്യം ഓര്‍ക്കുക ,പടം തിയേറ്ററില്‍ പോയി പോലും കാണാതെ വല്യ ബുദ്ധിജീവികളായി സ്വയം അവരോധിച്ചു ഒരു മുറിക്കുള്ളില്‍ ഇരുന്നു എല്ലാവരെയും അടച്ചു ആക്ഷേപിക്കാന്‍ വളരെ എളുപ്പമാണ്.
അച്ഛന്റെ പാരമ്പര്യത്തിന്റെ പേരില്‍ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യന്‍ ആദ്യമായി ചെയ്ത പടത്തിലെ അവന്റെ പ്രകടനത്തെ ഒക്കെ വലിച്ചു കീറാന്‍ നില്‍ക്കുന്നവരോട് ഒരു ചോദ്യം ഇത്രയ്ക്കും പ്രഗത്ഭരായ നിങ്ങളൊക്കെ എന്താണിങ്ങനെ മറഞ്ഞിരുന്നു സമയം കളയുന്നത്? ??സമൂഹത്തിന്റെ മുഖ്യ ധാരായിലേയ്ക്ക് വന്നു അതുല്യമായ സംഭാവനകള്‍ നല്‍കിക്കൂടെ ??
നമ്മളിന്ന് ആഘോഷിക്കുന്ന Big M's, FaFa, എന്തിനേറെ പറയുന്നു മാസ്സ് ഡയലോഗ്‌സ്‌ന്റെ തമ്പുരാന്‍ ആയ സാക്ഷാല്‍ SG സര്‍ ന്റെ പോലും ആദ്യകാല ചിത്രങ്ങള്‍ അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ. ..?? ഏതു ജോലിക്കും എക്‌സ്പീരിയന്‍സ് ചോദിക്കുന്ന നമ്മുടെ രാജ്യത്ത് സിനിമയോടുള്ള passion കൊണ്ട് അച്ഛന്റെ legacy യുടെ തണലില്‍ ആയാലും അല്ലെങ്കിലും, അവന്‍ ആദ്യമായ് ചെയ്ത വേഷം ഇത്രയ്ക്കൊന്നും പരിഹാസം അര്‍ഹിക്കുന്നില്ല. കാലം എല്ലാത്തിനും സാക്ഷി ആവട്ടെ.
പിന്നെ field out ആയ സീരിയല്‍ നടന്മാരുടെ കാര്യം, കഴിവും പ്രതിഭയുമുള്ള എത്രയോ പേരെ, അവരെ വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ, ചാന്‍സ് നഷ്ടപ്പെട്ടു ഇന്‍ഡസ്ട്രിയില്‍ എല്ലാവരാലും മറന്നു പോയിട്ടുണ്ട്. അങ്ങനെ കുറച്ചു പേരെയെങ്കിലും വെള്ളിത്തിരയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഏറെ കഴിവുകള്‍ ഉണ്ടായിട്ടും നമ്മള്‍ മലയാളികള്‍ സ്വീകരിക്കാതെ പോയ രണ്ട് അസാധ്യ പ്രതിഭകളുടെ, ഗംഭീര തിരിച്ചു വരവിനും JSK ഒരു കാരണമായി. അനുപമ പരമേശ്വരനും ശ്രുതി രാമചന്ദ്രനും.
ജാനകിയും അഡ്വ.നിവേദിതയും ആ രണ്ട് വേഷങ്ങളും അവരുടെ കയ്യില്‍ ഭദ്രമായിരുന്നു. ഹിന്ദു വിശ്വാസിയായ ഞാന്‍ ചെയ്ത സിനിമയില്‍ ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കുന്ന രീതിയില്‍ അന്യ മതസ്ഥരെക്കൊണ്ട് നായികയെ മോശമായ രീതിയില്‍ ചോദ്യം ചെയ്യിപ്പിക്കുന്നു, പ്രതിയെ ദേവി രൂപം കെട്ടി കാണിക്കുന്നു, fight രംഗത്ത് ദേവി സ്തുതി കേള്‍പ്പിക്കുന്നു, ഇതൊക്കെയാണ് cbfc യെ പ്പോലെ തന്നെ അടുത്ത ആരോപണം. ..! മാധ്യമങ്ങളെ, പ്രതേകിച്ചും മനോരമയെ ട്രോളുന്നു എന്നാണ് ഒരു കൂട്ടം.
ഇതെന്തൊരു ലോകം ആണ് ..??.
ഇടത് വലത് സംഘ സഹയാത്രികരായ ഒരുപാട് സുഹൃത്തുക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ നല്‍കുന്ന സന്ദേശം, അതിന്റെതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. കേവലം രാഷ്ട്രീയപരമായ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ സിനിമ സംസാരിക്കുന്ന വിഷയം എല്ലാവരിലേക്കും എത്തട്ടെ. എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുക്കളായുണ്ട്. അവരെ ആരെയും വേറൊരു രീതിയില്‍ ഞാനോ അവരെന്നെയോ കണ്ടിട്ടില്ല.
എന്നെ അടുത്തറിയുന്നവര്‍ക്കറിയം ഷൂട്ട് തുടങ്ങിയതിന് ശേഷം ഒരു പാട് സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്ന്, ഏകദേശം 3 വര്‍ഷം എടുത്താണ് ഈ സിനിമ പൂര്‍ത്തിയായത്, ഒരു കൂട്ടം കലാകാരന്മാരുടെ കഷ്ടപ്പാടും, സ്വപ്‌നവും ആണ് ഈ സിനിമ എന്നല്ലാതെ, ഇത് എല്ലാം തികഞ്ഞ മഹത്തായ ഒരു സൃഷ്ടി ആണ് എന്ന് ഒരു അവകാശ വാദങ്ങളും ഞങ്ങള്‍ക്ക് ആര്‍ക്കും ഇല്ല !
നിങ്ങള്‍ക്കു ധൈര്യമായി കുടുംബസമേതം പോയി കാണാവുന്ന, ഒരു സാധാരണ പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ. ഇത്രയും നെഗറ്റീവ് reviews, പ്രതികൂല കാലാവസ്ഥ എല്ലാത്തിനും ഇടയില്‍ ഇതുവരെ നിങ്ങള്‍ തന്ന support വളരെ വലുതാണ്., എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ..
ജാനകി വിദ്യാധരന്‍ നമ്മളില്‍ ഒരാളാണ്. അവരുടെ ശബ്ദം എല്ലാവരിലേക്കും എത്തട്ടെ.