Nithya Menen: 'ജാതി പ്രകാരം ഞാൻ മേനോൻ ആണ്, പക്ഷേ വീട്ടിൽ ജാതിയും മതവും സംസാരിക്കാറില്ല': നിത്യ മേനോൻ പറയുന്നു
സിനിമയിൽ വന്നശേഷമാണ് തന്റെ പേരിനൊപ്പം മേനോൻ എന്ന് ചേർത്തതെന്ന് നിത്യ തുറന്നു പറയുന്നു.
പേരിലെ 'മേനോൻ' കാരണം മലയാളികളിൽ നിന്നും ഏറെ വിമർശനം ലഭിച്ച ആളാണ് നിത്യ മേനോൻ. ജാതിപ്പേര് ചേർത്തെന്നാരോപിച്ച് പലപ്പോഴും സോഷ്യൽ മീഡിയ നിത്യയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, സിനിമയിൽ വന്നശേഷമാണ് തന്റെ പേരിനൊപ്പം മേനോൻ എന്ന് ചേർത്തതെന്ന് നിത്യ തുറന്നു പറയുന്നു.
വീട്ടിൽ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും സംസാരിക്കാറില്ല. മേനോൻ എന്നത് ഞാൻ സിനിമയിൽ വന്ന ശേഷം ചേർത്തത്. അതിന് മുമ്പ് എന്റെ പേരിനൊപ്പം മേനോൻ എന്നുണ്ടായിരുന്നില്ല. ഇത് പറഞ്ഞാൽ ചിലർ അസ്വസ്ഥരാകും. ജാതി പ്രകാരം ഞാൻ മേനോൻ ആണ്. പക്ഷെ പേരിലൊന്നും ഇല്ലായിരുന്നു. എന്റെ അച്ഛൻ ജാതിപ്പേര് ഇടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വീട്ടിൽ സംസാരിക്കാറില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും നിത്യ മനസ് തുറക്കുന്നുണ്ട്. തന്റെ കുട്ടിക്കാലത്തെ സ്‌പെഷ്യൽ ആക്കിയത് അമ്മമ്മയാണെന്നാണ് നിത്യ മേനോൻ പറയുന്നത്. അമ്മമ്മ മരിച്ചപ്പോൾ തനിക്ക് അമ്മ മരിച്ചത് പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസ് തുറന്നത്. ഇതാദ്യമായിട്ടാണ് താൻ അമ്മമ്മയെക്കുറിച്ച് സംസാരിക്കുന്നതെന്നും നിത്യ പറയുന്നുണ്ട്. അമ്മമ്മ എത്രത്തോളം സ്‌പെഷ്യൽ ആണ് നിങ്ങൾക്ക് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
'അമ്മമ്മയെക്കുറിച്ച് ഞാൻ മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല. അമ്മമ്മയാണ് എന്നെ ചെറുപ്പം മുതൽ നോക്കിയത്. എന്റെ അമ്മ ജോലി ചെയ്തിരുന്നു. മൂന്ന് മാസമായിരുന്നു അവർക്ക് ലീവ് കിട്ടിയിരുന്നത്. അതിന് ശേഷം എന്നെ നോക്കാൻ അമ്മമ്മയെ ഏൽപ്പിക്കുകയായിരുന്നു. എന്നെ നോക്കിയത് മുഴുവൻ അമ്മമ്മയാണ്. മൂമൂന്ന് മാസം മുതൽ.
പകൽ സമയം മുഴുവൻ ഞാൻ അമ്മമ്മയുടെ കൂടെയായിരിക്കും. അമ്മമ്മ മരിച്ചപ്പോൾ എനിക്ക് അമ്മ മരിച്ചത് പോലെയാണ് തോന്നിയത്. കാരണം അപ്പോഴാണ് എനിക്ക് അവരുമായി ഉണ്ടായിരുന്നത് അമ്മയുമായുള്ള അടുപ്പമാണെന്ന് മനസിലാകുന്നത്. എന്നെ നോക്കിയതും സംരക്ഷിച്ചതും അവരാണ്.'' എന്നും നിത്യ മേനോൻ പറയുന്നു.