Diya Krishna Baby: നിഓം അശ്വിൻ കൃഷ്ണ, ഓമിയെന്ന് വിളിക്കും; ദിയയുടെ കുഞ്ഞിനെ കണ്ട് കണ്ണ് നിറഞ്ഞ് അഹാന!
നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കും.
കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആദ്യത്തെ കൺമണി പിറന്നത്. ജൂലൈ അഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് വിളിക്കുക. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കും.
ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കുവെച്ചിരുന്നു. പ്രസവത്തിന്റെ ഭാഗങ്ങളും ദിയ തന്റെ വ്ലോഗിൽ ഉൾപ്പെടുത്തിയിരുന്നു. സൂചിപോലും ഭയമുള്ള വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.
ബെർത്ത് സ്യൂട്ടിലേക്ക് മാറ്റിയപ്പോൾ മുതൽ ശുശ്രൂഷിക്കാനും പരിശോധിക്കാനും വന്ന ഡോക്ടർമാരോട് പെയിൻ എത്രത്തോളം ഉണ്ടാകും?, കുറയ്ക്കാൻ മാർഗങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് ദിയ ചോദിച്ചുകൊണ്ടിരുന്നത്. എപ്പിഡ്യൂറലിനുശേഷം വേദന കുറഞ്ഞു. മരിച്ചിട്ട് എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നത് പോലെയാണ് പ്രസവത്തിനായി കിടക്കുമ്പോൾ തോന്നുന്നത്. എപ്പിഡ്യൂറൽ എടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ പരലോകത്ത് പോയി വന്നേനെയെന്നും ദിയ പറഞ്ഞു.
പെയിൻ കൂടിയപ്പോൾ ആശ്വസിപ്പിക്കാൻ അച്ഛൻ കൃഷ്ണകുമാറും എത്തിയിരുന്നു. അമ്മ ചറപറ പ്രസവിച്ചതല്ലേ അതുകൊണ്ട് പേടിക്കേണ്ടതില്ലെന്ന് പറഞ്ഞപ്പോൾ തനിക്ക് അത്ര ധൈര്യമില്ലെന്നായിരുന്നു ദിയയുടെ മറുപടി. ചോരകുഞ്ഞിനെ കണ്ട് അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം ആദ്യം കരയുകയാണ് ചെയ്തത്. ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം ആഘോഷമായി.