മലയാളത്തിൽ 2 വർഷം സിനിമയില്ലെങ്കിൽ ഫീൽഡ് ഔട്ടായെന്ന് പറയും, തെലുങ്ക് പ്രേക്ഷകർ അങ്ങനെയല്ല: ദുൽഖർ സൽമാൻ
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാള സിനിമകള്‍ ചെയ്യാതിരുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മലയാളത്തില്‍ കരിയര്‍ തുടങ്ങിയ നടനാണെങ്കിലും ഇന്ന് മലയാളത്തിനേക്കാള്‍ ഏറെ അന്യഭാഷകളില്‍ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ഹിറ്റ് സിനിമകള്‍ നല്‍കാനായ ദുല്‍ഖറിന് തെന്നിന്ത്യയിലാകെ വലിയ ആരാധകരാണുള്ളത്. മലയാളത്തില്‍ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച കിംഗ് ഓഫ് കൊത്ത പരാജയമായിരുന്നു. ശേഷം ലോകയില്‍ ചെറിയ കാമിയോ വേഷത്തിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാള സിനിമകള്‍ ചെയ്യാതിരുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തെലുങ്കിലെയും മലയാളത്തിലെയും ആരാധാകരുടെ വ്യത്യാസത്തെ പറ്റി ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തെലുങ്ക് പ്രേക്ഷകര്‍ താരങ്ങളോട് ക്ഷമിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. 2 വര്‍ഷത്തോളം സിനിമ ചെയ്യാതിരുന്നാല്‍ ആളുകള്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.
അതേസമയം ഈ വാക്കുകളോട് സമ്മിശ്രമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഉയര്‍ത്തുന്നത്. ഏറിയ പങ്കും ദുല്‍ഖറിന്റെ വാക്കുകളെ വിമര്‍ശിച്ചാണ് രംഗത്ത് വരുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പോലും മോശം സിനിമകളെ വിമര്‍ശിക്കുന്നവരാണ് മലയാളികളെന്നും മോശം സിനിമയാണ് ചെയ്യുന്നതെങ്കില്‍ ദുല്‍ഖറിനെ ഇനിയും വിമര്‍ശിക്കുമെന്നും ഒട്ടേറെ പേരാണ് കമന്റ് ചെയ്യുന്നത്.