Dulquer Salman: 'റാണ എനിക്ക് അനിയനാണ്, എട്ടിൽ പഠിക്കുമ്പോൾ തുടങ്ങിയ കൂട്ടാണ്': ദുൽഖർ സൽമാൻ
നടൻമാരായ ദുൽഖർ സൽമാനും റാണ ദഗുബതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കാന്ത ടീം ഇപ്പോൾ. നവംബർ 14 നാണ് ചിത്രം റിലീസിനെത്തുക. നടൻമാരായ ദുൽഖർ സൽമാനും റാണ ദഗുബതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള രണ്ട് പ്രൊഡ്യൂസേഴ്സിന്റെ ഒന്നിച്ചുള്ള ഒരു എഫേർട്ട് ആണ് കാന്തയെന്ന് പറയുകയാണ് ദുൽഖർ. കാന്തയുടെ ദുബായിലെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
'എട്ടാം ക്ലാസോ ഒൻപതാം ക്ലാസോ മുതലുള്ള എന്റെ സുഹൃത്താണ് റാണ. എന്നെക്കാളും മുൻപേ സിനിമയിൽ വന്നൊരാളാണ്. പക്ഷേ എന്റെ ഇളയതാണ്. എന്റെ അനിയൻ എന്നൊക്കെ പറയാൻ പറ്റുമായിരിക്കും, പക്ഷേ അദ്ദേഹത്തിന്റെ പൊക്കവും രൂപവുമൊക്കെ വച്ച് കണ്ടാൽ അങ്ങനെ പറയില്ല.
എന്നേക്കാൾ മുൻപ് സിനിമയിൽ വന്നയാളാണ്. എനിക്ക് മുൻപേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ വർക്ക് ചെയ്ത ആളാണ്. ഈ സിനിമ എനിക്ക് തന്നതും റാണയാണ്. 2019 ൽ മച്ചാ ഞാനൊരു കഥ കേട്ടു, നിനക്കിത് ഇഷ്ടപ്പെടുമായിരിക്കും, ഒരു സ്പെഷ്യൽ കഥയാണ് എന്നൊക്കെ റാണ എന്നെ വിളിച്ചു പറഞ്ഞു. സെൽവമണി ഒരു പുതിയ സംവിധായകനാണെങ്കിലും അദ്ദേഹത്തിൽ ഒരു സ്പെഷ്യൽ സംഭവം ഉണ്ട്, അതുകൊണ്ട് നീ ഒന്ന് കേട്ട് നോക്കൂ എന്നും റാണ എന്നോട് പറഞ്ഞു.
പിന്നീട് എപ്പോഴോ രണ്ട് മൂന്ന് കൊല്ലം മുൻപ് ഞങ്ങൾ ഒന്നിച്ച് ഇത് നിർമിക്കാമെന്ന് തീരുമാനിച്ചു. ഈ സിനിമ ശരിക്കും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള രണ്ട് പ്രൊഡ്യൂസേഴ്സിന്റെ ഒന്നിച്ചുള്ള ഒരു എഫേർട്ട് ആണ്. പക്ഷേ ഞങ്ങൾ ഞങ്ങളുടെ ഭാഷ വിട്ട് ഒരു തമിഴ് സിനിമ നിർമിക്കാനാണ് തീരുമാനിച്ചത്.
നിങ്ങളെല്ലാവരും ഈ സിനിമ കാണണം. കണ്ട് കഴിഞ്ഞിട്ട് നിങ്ങൾ അഭിപ്രായം പറഞ്ഞോളൂ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല, ഇനി ചിലപ്പോൾ ഭാവിയിൽ ഉണ്ടാവുകയുമില്ല. ഇങ്ങനെയൊരു അവസരവും എനിക്ക് പെർഫോം ചെയ്യാനും ഒരുപാട് സ്കോപ്പ് ഉള്ള സിനിമ കൂടിയായിരുന്നു ഇത്".- ദുൽഖർ പറഞ്ഞു.