പൃഥ്വിരാജ് നായകനായ ഖലീഫയുടെ ഗ്ലിംപ്‌സ് ഇന്നലെയാണ് പുറത്തിറങ്ങിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണ്. ഇതിന് പിന്നാലെ പൃഥ്വിരാജിനെയും മാർക്കോയിലെ ഉണ്ണി മുകുന്ദനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പൃഥ്വിരാജിന് മാർക്കോയിൽ ഉണ്ണി മുകുന്ദനുണ്ടായിരുന്ന സ്വാഗില്ലെന്നും ആക്ഷൻ ഹീറോ ലുക്കും സ്വാഗുമെല്ലാം ഉണ്ണി മുകുന്ദനാണെന്നും ചിലർ പറയുന്നുണ്ട്.
പൃഥ്വിരാജിന്റെ സിഗരറ്റ് വലി പോലും സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്. പൃഥ്വിരാജ് സിഗരറ്റ് വലിക്കുമ്പോൾ മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ സിഗരറ്റ് വലിയുടെ സ്വാഗില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിനിടെ, ദുൽഖർ സൽമാനെയും വിഷയത്തിലേക്ക് വലിച്ചിടുന്നവരുണ്ട്. പൃഥ്വിക്കും ദുൽഖറിനും സിഗരറ്റ് വലിക്കുമ്പോൾ സ്വാഗ് ഇല്ലെന്നും മാസ് ലുക്ക് ഫീൽ ചെയ്യുന്നില്ലെന്നും വിമർശകർ പറയുന്നു.
എന്നാൽ ഈ താരതമ്യം ചെയ്യലുകളെയെല്ലാം തള്ളിക്കളയുകയാണ് പൃഥ്വിരാജ്/ദുൽഖർ ആരാധകർ. പൃഥ്വിക്കും ദുൽഖറിനും സ്റ്റൈലിഷായി സിഗരറ്റ് വലിക്കാൻ അറിയില്ല. അതിന് കാരണം അദ്ദേഹം സിഗരറ്റ് വലിക്കാത്തതു കൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുമ്പൊരിക്കൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗം ചൂണ്ടിക്കാണിച്ചാണ് ആരാധകർ താരത്തെ പ്രതിരോധിക്കുന്നത്.
തന്റെ അച്ഛൻ സ്ഥിരമായി സിഗരറ്റ് വലിച്ചിരുന്നു. അതിനാൽ തനിക്ക് സിഗരറ്റിന്റെ മണം പോലും ഇഷ്ടമല്ലെന്നും ഇതുവരെ വലിച്ചിട്ടില്ലെന്നുമാണ് അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്. സിഗരറ്റ് വലിച്ചിട്ടേയില്ലാത്ത ഒരാൾ ആയതിനാലാണ് അത്തരം രംഗം അഭിനയിക്കേണ്ടി വരുമ്പോൾ പൃഥ്വിരാജിന് അത് റിയലിസ്റ്റിക്കായി ചെയ്യാൻ സാധിക്കാത്തതായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.