ആ റെക്കോർഡ് തകർക്കാൻ മോഹൻലാലിനും കഴിഞ്ഞില്ല, ദുൽഖറിന് മുന്നിൽ മുട്ടുമടക്കി എമ്പുരാൻ!
എമ്പുരാന് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ഉണ്ട്.
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ മലയാളത്തിൽ ഇതുവരെയുള്ള സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ആദ്യദിന കളക്ഷൻ, ഏറ്റവും വേഗതയിൽ 50, 100, 200 കോടി തുടങ്ങി നിരവധി റെക്കോർഡുകളാണ് എമ്പുരാൻ ഇട്ടത്. എന്നാൽ, എമ്പുരാന് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ഉണ്ട്.
ഒ.ടി.ടി ഡീലിൽ ദുൽഖർ ചിത്രത്തെ എമ്പുരാന് മറികടക്കാനായില്ല എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയെയാണ് എമ്പുരാന് മറികടക്കാൻ സാധിക്കാത്തത്. നിലവിൽ മലയാളത്തിൽ റെക്കോർഡ് തുകയ്ക്ക് ഒടിടി - സാറ്റലൈറ്റ് റൈറ്റ്സ് വിറ്റു പോയത് കിംഗ് ഓഫ് കൊത്തയാണ്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ ഉള്ളത്.
ജിയോ ഹോട്ട്സ്റ്റാറിലാണ് കിംഗ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. വൻ ഹൈപ്പിൽ എത്തിയ സിനിമയ്ക്ക് മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ജിയോ ഹോട്ട്സ്റ്റാറിൽ തന്നെയാണ് എമ്പുരാനും റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്.
എമ്പുരാന്റെ മലയാളം പതിപ്പ് മാത്രമായി 94 കോടി രൂപ നേടിയതായാണ് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. ആറ് കോടി കൂടി സ്വന്തമാക്കിയാൽ ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 100 കോടി എന്ന സംഖ്യയിലെത്തും. മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു.