കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുത്ത് മമ്മൂട്ടി!
കൊച്ചി പനമ്പള്ളി നഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്
നാൽപ്പത് വർഷത്തെ സിനിമാ ജീവിതം കൊണ്ട് മമ്മൂട്ടി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. കേരളത്തിലും ചെന്നൈയിലും താരത്തിനും കുടുംബത്തിനും ആഢംബര വസതികളുണ്ട്. സകുടുംബം മമ്മൂട്ടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി താമസിക്കുന്നത് ചെന്നൈയിലാണ്. കൊച്ചി പനമ്പള്ളി നഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്. നാല് വർഷം മുമ്പ് വരെ സകുടുംബം താരം ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറി. ആ വീടിന്റെ ദൃശ്യങ്ങളും കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇഷ്ടതാരത്തിന്റെ വീട്ടിൽ ഒന്ന് പോകണമെന്ന് ആഗ്രഹുക്കാത്തവർ കുറവായിരിക്കും. അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് ഒരു സുവർണ്ണാവസരം ഒരുങ്ങുകയാണ്.
കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുക്കാൻ പോവുകയാണ് മമ്മൂട്ടിയും കുടുംബവും. പനമ്പള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്ന് കൊടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. തന്റെ വസതി ആളുകൾക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. ഈ വീടിന്റെ മുക്കിലും മൂലയിലും ഒരു മമ്മൂട്ടി ടച്ചുണ്ട്. ബോട്ടിക് വില്ല മോഡലിലാണ് വസതിയുള്ളത്. മമ്മൂട്ടിയുടെ ആഡംബര വസതിയിലുള്ള സ്റ്റേക്കേഷനുള്ള ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു.