Fahadh Faasil: 'എനിക്ക് വാട്സാപ്പില്ല, ഒരു കൊല്ലമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല': ഫഹദ് ഫാസിൽ പറയുന്നു
ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫോൺ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.
നടൻ ഫഹദ് ഫാസിലിന്റെ കയ്യിലുള്ള കുഞ്ഞൻ ഫോൺ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകം സ്മാർട്ട്‌ഫോണിലേക്ക് ചുരുങ്ങുന്ന കാലത്തും ഫഹദ് കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നതെന്നത് ആരാധകർ ചൂണ്ടിക്കാട്ടി. ഇത് പലർക്കും കൗതുകമായിരുന്നു. എന്നാൽ ഫഹദ് പറയുന്നത് രണ്ട് വർഷത്തിനുള്ളിൽ തന്നെ ബന്ധപ്പെടാനുള്ള ഏകമാർഗ്ഗം ഇ-മെയിൽ ആകുമെന്നാണ്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫോൺ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.
''കഴിഞ്ഞ ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. രണ്ട് വർഷത്തിനുള്ളിൽ ഇ-മെയിലിൽ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്‌സ് ആപ്പുമില്ല. സ്മാർട്ട് ഫോൺ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കേണ്ടി വരും.
പക്ഷെ അതിന് ഞാൻ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണില്ലാതെ എങ്ങനെ കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന കാലമുണ്ട്. ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു. കമന്റിന് മറുപടി നൽകാനൊന്നും അറിയില്ലായിരുന്നു. എന്റെ വീടിന്റെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ സൂക്ഷിക്കാറുണ്ട്. വ്യക്തി ജീവിതത്തിലെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ നോക്കാറുണ്ട്', ഫഹദ് പറയുന്നു.
സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുമ്പോൾ ജെൻസിയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനും ഫഹദ് ഫാസിൽ മറുപടി പറയുന്നുണ്ട്. ഒരിക്കലുമില്ല. എന്ന് ഞാൻ മോശം സിനിമകൾ ചെയ്തു തുടങ്ങുന്നുവോ അപ്പോൾ മാത്രമാകും അവർക്ക് അനന്യനാവുക. നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി.