വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളില്‍ സിനിമ റിലീസിനൊപ്പം കൂടുതല്‍ അണ്ണന്മാരും റിലീസാകുന്ന തിയേറ്ററാണ് വനിത വിനീത തിയേറ്റര്‍. സിനിമ കാണാനായി താരങ്ങളും തിയേറ്ററുകളിലെത്തുന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഇക്കൂട്ടര്‍ റിലീസ് ദിനത്തിലെത്താറുള്ളത്. ഇപ്പോഴിതാ ഇതിന്റെ പ്രോ മാക്‌സ് വേര്‍ഷനാണ് ഉത്തരേന്ത്യന്‍ തിയേറ്ററില്‍ സംഭവിച്ചത്. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉത്തേക്കര്‍ സംവിധാനം ചെയ്ത ഛാവ കാണാനാണ് യുവാവ് വ്യത്യസ്തതരത്തില്‍ തിയേറ്ററിലെത്തിയത്.
ഇതിഹാസ മറാത്തി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവായാണ് വിക്കി കൗശല്‍ സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ കാണാനായി തിയേറ്ററിനുള്ളില്‍ സംഭാജി മഹാരാജാവായി കുതിരപ്പുറത്ത് വന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പലരും യുവാവിന് അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്. ഇത്തരം വേഷങ്ങള്‍ കാണുന്നത് ഒരു പക്ഷേ ഉത്തരേന്ത്യക്കാര്‍ക്ക് പുതുമയാണെങ്കിലും മലയാളികള്‍ക്ക് അങ്ങനെയല്ല. എന്നാല്‍ തിയേറ്ററിനുള്ളില്‍ കുതിരപ്പുറത്ത് വന്ന് പ്രോ മാക്‌സ് അണ്ണനായിരിക്കുകയാണ് ഛാവ ആരാധകന്‍.