ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷാ. വർഷങ്ങളായുള്ള സൗഹൃദം. ഇവർ തമ്മിലുള്ള സൗഹൃദം കുടുംബങ്ങൾ തമ്മിലുമുണ്ട്. മഞ്ജു വാര്യരുമായിട്ടും നാദിർഷയ്ക്ക് നല്ല സൗഹൃദമാണ് ഉള്ളത്. മഞ്ജുവാര്യരെക്കുറിച്ച് നാദിർഷാ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. എല്ലായ്പ്പോഴും മഞ്ജു, തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് എന്നാണ് നാദിർഷ പറയുന്നത്. പഴയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നാദിർഷ മഞ്ജുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ മഞ്ജുവുമായുള്ള ഇദ്ദേഹത്തിന്റെ സൌഹൃദം കുറച്ചുകൂടെ ആഴത്തിലായി. ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ, നിമിഷങ്ങൾ എല്ലാം ഇന്നും നാദിർഷായുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. ഒരുപാട് നല്ല ഓർമകളാണ് അതെല്ലാം. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നാദിർഷാ പറയുന്നു.
അവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് താൻ രണ്ടാളോടും ഇതുവരെ ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് വിഷമിപ്പിക്കേണ്ട എന്നു കരുതി താൻ ഒന്നും ചോദിച്ചില്ല എന്നും നാദിർഷ വ്യക്തമാക്കുന്നു. എന്നാൽ മഞ്ജുവാര്യർക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് നാദിർഷാ എടുത്തുപറഞ്ഞത്.
'മഞ്ജു എനിക്ക് എപ്പോഴും നല്ലൊരു സുഹൃത്തായിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ്, പക്ഷെ ആ ഒരു സൗഹൃദം ഇപ്പോൾ മഞ്ജുവിന് തന്നോടില്ലെന്ന് മനസിലായി. എന്റെ മകളുടെ വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ച സമയത്ത് മഞ്ജുവിനെയും ക്ഷണിക്കാനായി ഫോണിൽ വിളിച്ചിരുന്നു. മകളുടെ വിവാഹമാണ് വരണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല, ആ സംഭവം തന്നെ വിഷമിപ്പിച്ചു', നാദിർഷ പറയുന്നു.