Fight hard maniyan pilla raju about mammootty's advice after diagnosing Cancer
മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. മലയാളത്തില്‍ ഏറെക്കാലമായി സജീവമായി നില്‍ക്കുന്ന മണിയന്‍പിള്ള രാജു തനിക്ക് കാന്‍സര്‍ ആയിരുന്നുവെന്ന കാര്യം അടുത്തിടെയാണ് വ്യക്തമാക്കിയത്. ഒരു ചെറിയ ചെവി വേദന വന്നതിനെ തുടര്‍ന്ന് എംആര്‍ഐ എടുത്തപ്പോഴാണ് തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി കാന്‍സര്‍ കണ്ടെത്തിയതെന്ന് താരം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ചികിത്സ കഴിഞ്ഞു. ചികിത്സയെ തുടങ്ങി 16 കിലോയോളം ഭാരം കുറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാന്‍സര്‍ ബാധിതനായ ശേഷം മമ്മൂട്ടിയെ താന്‍ വിളിച്ചിരുന്നെന്നും മമ്മൂട്ടി ഒരു ഫൈറ്ററെ പോലെ തിരിച്ചുവരാനാണ് ആവശ്യപ്പെട്ടതെന്നും മണിയന്‍പിള്ള രാജു പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് മണിയന്‍ പിള്ള രാജു ഇക്കാര്യം പറഞ്ഞത്.
നിസാര കാര്യങ്ങള്‍ക്ക് അപ്‌സെറ്റാവുകയും തളരുകയും ചെയ്യുന്നയാളായിരുന്നു ഞാന്‍. പക്ഷെ നിമിഷങ്ങള്‍ മാത്രമെ അതിന് ആയുസുള്ളു. അതില്‍ പെട്ടെന്ന് തന്നെ തിരിച്ച് വരും. എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു സെക്കന്റ് ഞാന്‍ തളര്‍ന്ന് പോയി. ന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോയെന്നാണ് തോന്നിയത്. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ പോരാടാമെന്ന് തോന്നി. കാന്‍സറാണെന്ന് അറിഞ്ഞ ശേഷം ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. കാര്യം പറഞ്ഞു. നീ ഫൈറ്റ് ചെയ്യണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.
നമ്മളൊക്കെ ഇവിടെ ഇരുന്നൂറ് വര്‍ഷം ജീവിക്കാന്‍ വന്നതാണ് നീ ഫൈറ്റ് ചെയ്യണം എന്നാണ് പറഞ്ഞത്. തളര്‍ന്നാല്‍ ശരിയാവില്ലെന്ന് എനിക്കും തോന്നി. വയ്യാതെ കട്ടിലില്‍ കിടന്നപ്പോഴും എന്റെ കുട്ടിത്തം ഞാന്‍ കളഞ്ഞിരുന്നില്ല. നഴ്‌സുമാരും അത് പറയുമായിരുന്നു. ആശുപത്രിയെ നഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്കല്ലാം എന്നോട് വലിയ സ്‌നേഹമായിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അപരിചിതര്‍ പോലും കാണുമ്പോള്‍ പറയാറുണ്ട്. അതൊക്കെ എനിക്ക് വലിയ പ്രചോദനമായി. കാന്‍സര്‍ വന്നോ, എല്ലാം തീര്‍ന്നെന്ന വിചാരമില്ല. ഞാന്‍ ഇനിയും അഭിനയിക്കും. സിനിമകള്‍ നിര്‍മിക്കും.മണിയന്‍ പിള്ള രാജു പറഞ്ഞു.