പ്രൊജക്ട് ഓണാണോ?, മോഹൻലാൽ- കൃഷാന്ദ് ചിത്രം ഉടനുണ്ടോ?, പുതിയ അപ്ഡേറ്റ് നൽകി നിർമാതാവ്
യുവസംവിധായകരായ പൃഥ്വിരാജ്, തരുണ്‍മൂര്‍ത്തി എന്നിവരുടെ സിനിമകളിലാണ് ഈ വിജയങ്ങള്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
മലയാളികളുടെ അഭിമാനമാണ് മോഹന്‍ലാല്‍ എന്ന നടനും സൂപ്പര്‍ താരവും. ഇടക്കാലത്ത് മലയാള സിനിമയില്‍ വലിയ വിജയങ്ങളോ അഭിനയപ്രാധാന്യമുള്ള വേഷങ്ങളോ ചെയ്യാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. എന്നാല്‍ എമ്പുരാന്‍, തുടരും എന്നീ സിനിമകളിലൂടെ ബോക്‌സോഫീസിലെ രാജാവ് താനാണെന്ന് പ്രഖ്യാപിക്കാന്‍ മോഹന്‍ലാലിനായി. യുവസംവിധായകരായ പൃഥ്വിരാജ്, തരുണ്‍മൂര്‍ത്തി എന്നിവരുടെ സിനിമകളിലാണ് ഈ വിജയങ്ങള്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
നേരത്തെയും മോഹന്‍ലാല്‍ പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കണമെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്നതാണ്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്‌തെങ്കിലും ആ സിനിമ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൃഷാന്ദിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാല്‍ ഭാഗമാകുന്നു എന്ന് ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെ പറ്റിയുള്ള അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍ പിള്ള രാജു.
കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു സിനിമയെ പറ്റി പറഞ്ഞത്. ആദ്യ റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. ഇപ്പോഴത്തെ സിനിമാപ്രേക്ഷകരില്‍ വലിയ വിഭാഗം 18 മുതല്‍ 45 വയസ് വരെയുള്ളവരാണ്. അവര്‍ക്ക് വളരെ താത്പര്യമുള്ള സംവിധായകനാണ് കൃഷാന്ദ്. മണിയന്‍പിള്ള രാജു പറഞ്ഞു. വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങളിലൂടെയാണ് കൃഷാന്ദ് ശ്രദ്ധേയനായത്.