തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നേരിട്ട ബോഡീ ഷെയ്മിങ് ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ഗൗരി കിഷന്‍. തന്റെ പുതിയ സിനിമയായ അദേഴ്‌സിന്റെ പ്രമോഷന്‍ ചടങ്ങിനെത്തിയപ്പോഴാണ് നടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സിനിമയിലെ നടനോടായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഗൗരിയുടെ ഭാരത്തെ പറ്റി ചോദിച്ചത്.
ഇതോടെ ഈ ചോദ്യം എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുക എന്ന് തിരിച്ചുചോദിച്ചുകൊണ്ട് ഗൗരി ഇടപെടുകയായിരുന്നു. തീരെ ബഹുമാനമില്ലാത്ത ചോദ്യമാണിത്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്റെ ശരീരഭാരം അറിഞ്ഞ് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. ഞാന്‍ വണ്ണം വെയ്ക്കണോ വേണ്ടയോ എന്നതെല്ലാം എന്റെ ഇഷ്ടമാണ്. നിങ്ങള്‍ ആരുടെയും അംഗീകാരം ആവശ്യമില്ല.
എന്തുകൊണ്ടാണ് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. എനിക്കിത് തമാശയായി തോന്നുന്നില്ല. ബോഡി ഷെയ്മിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലും ചോദിക്കാനില്ല. എന്റെ ശരീരഭാരം എത്രായാണെന്നാണ് അറിയേണ്ടത്. ഇത് ജേണലിസമല്ല ഗൗരി പറഞ്ഞു. അതേസമയം ഗൗരിയുടെ ഈ പ്രതികരണത്തിനെതിരെ പ്രസ്മീറ്റിലെത്തിയ മീഡിയക്കാര്‍ രംഗത്ത് വന്നു. ഗൗരി മാപ്പ് പറയണമെന്ന് മീഡിയക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മാപ്പ് പറയാനാവില്ലെന്ന് താരം വ്യക്തമാക്കി.
നാടകീയ രംഗങ്ങള്‍ പ്രസ്മീറ്റില്‍ നടക്കുമ്പോള്‍ ഗൗരിയെ പിന്തുണച്ച് ഒരക്ഷരം പറയാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ല.മീഡിയയുടെ ചോദ്യങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. അതേസമയം ഗൗരിയുടെ പ്രതികരണത്തെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നു. ചെറിയ പ്രായത്തില്‍ തന്നെ തനിക്കായി ശബ്ദമുയര്‍ത്താന്‍ ഗൗരിക്കായി എന്നതില്‍ അഭിമാനമുണ്ടെന്ന് ചിന്മയി കുറിച്ചു. നടന്‍ കവിനും ഗൗരിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.