മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ 3 ഭാഷകളിലും ആരാധകരുടെ മനസില്‍ ഇടം നേടിയ നായികയാണ് നിത്യ മേനോന്‍. തിരുചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച ഇഡ്‌ലി കടയാണ് നിത്യയുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമ. സിനിമ പുറത്തുവന്നതിന് ശേഷം നിത്യയെ ബോഡി ഷെയിം ചെയ്തുകൊണ്ട് തമിഴ് റിവ്യൂവര്‍മാര്‍ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോകളിലാണ് 2 തമിഴ് നിരൂപകര്‍ നിത്യയെ ബോഡി ഷെയിം ചെയ്തത്. നിത്യ അഭിനയരാക്ഷസിയാണെന്ന് പ്രശംസിക്കുന്നുണ്ടെങ്കില്‍ പോലും നിത്യയ്ക്ക് വല്ലാതെ വണ്‍നമുണ്ട്. എന്നാണ് ബയില്‍വന്‍ രംഗനാഥന്‍ എന്ന റിവ്യൂവര്‍ പറഞ്ഞത്.
ഒരു പടി കൂടി കടന്ന് സിനിമയിലെ ഇഡ്ഡലിയെല്ലാം തിന്നുന്നത് നിത്യയാണോ എന്ന് സംശയിക്കുന്നെന്നും അത്രയും വണ്ണം നിത്യയ്ക്കുണ്ടെന്നും മറ്റൊരു റിവ്യൂവര്‍ പറയുന്നു. വണ്ണത്തെ കുറ്റം പറയുമ്പോഴും നടിയെന്ന രീതിയില്‍ നിത്യ തിളങ്ങിയെന്നും ഇയാള്‍ പറയുന്നുണ്ട്. പ്രശംസിക്കുന്നു എന്ന വ്യാജേന നിത്യയെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബോഡി ഷെയിം ചെയ്യാതെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്കറിയില്ലെ എന്നും ചിലര്‍ ചോദിക്കുന്നു.