Gouri Kishan: 'എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങള്‍ക്കു എന്ത് വേണം'; പാപ്പരാസി യുട്യൂബര്‍ക്കു ചുട്ടമറുപടി നല്‍കി ഗൗരി കിഷന്‍
ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്
Youtuber and Gouri Kishan
Gouri Kishan: തന്റെ പുതിയ സിനിമയായ 'അദേഴ്‌സി'ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ബോഡി ഷെയ്മിങ് ചോദ്യം നേരിട്ട് നടി ഗൗരി കിഷന്‍. പ്രസ് മീറ്റില്‍ പങ്കെടുത്തുകൊണ്ടിരുന്ന യുട്യൂബര്‍ താരത്തിന്റെ ശരീരഭാരം ചോദിക്കുകയായിരുന്നു. സിനിമയിലെ നായകനോടാണ് യുട്യൂബര്‍ ഗൗരിയുടെ ശരീരഭാരം എത്രയാണെന്നു ചോദിച്ചത്.
ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗൗരിക്ക് നല്ല ശരീരഭാരം ഉണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് പരിഹാസരൂപേണ യുട്യൂബര്‍ ചോദിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യമല്ല ഇതെന്നും ബോഡി ഷെയ്മിങ് ആണെന്നും നടി തുറന്നടിച്ചു.
എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങള്‍ക്കു എന്തിനാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചോദിക്കുക. ബോഡി ഷെയ്മിങ്ങിനെ സാധാരണ കാര്യമാക്കി സംസാരിക്കുകയാണ് ഇവിടെ. എന്റെ ശരീരഭാരവും സിനിമയും തമ്മില്‍ എന്താണ് ബന്ധം ? ഹീറോയോടാണ് ചോദിക്കുന്നത് എന്റെ ശരീരഭാരം എത്രയാണെന്ന് ! വളരെ മോശം ചോദ്യമാണ് ഇത് - ഗൗരി പറഞ്ഞു.
അതേസമയം, താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ വാദിക്കുന്നുണ്ട്. ഈ യുട്യൂബറെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ പിന്തുണയ്ക്കുന്നതും വീഡിയോയില്‍ കാണാം.