മലയാളിയാണെങ്കിലും തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലൈ മുതല്‍ വാരണം ആയിരം, കാക്ക കാക്ക, എന്നൈ അറിന്താല്‍,വേട്ടയാട് വിളയാട്, വാരണം ആയിരം, നീതാനെ എന്‍ പൊന്‍വസന്തം തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഗൗതം മേനോന്‍ സമ്മാനിച്ചിട്ടുണ്ട്. ഇതില്‍ പല സിനിമകളും തമിഴിലെ ക്ലാസിക് ചിത്രങ്ങളായാണ് അറിയപ്പെടുന്നത്.
സമീപകാലത്തായി തന്റെ പഴയഫോമില്‍ അല്ലെങ്കിലും പുതിയ സിനിമയുടെ റിലീസിംഗ് തിരക്കുകളിലാണ് ഗൗതം മേനോന്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദി ലേഡി പേഴ്‌സ് ആണ് ഗൗതം മേനോന്റെ ഏറ്റവും പുതിയ സിനിമ. മലയാളത്തില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വിണ്ണൈ താണ്ടി വരുവായ സിനിമ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം മേനോന്‍.
മഹേഷ് ബാബുവിന് വേണ്ടിയായിരുന്നു സിനിമയുടെ കഥ താന്‍ എഴുതിയതെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. ആ സമയത്ത് തന്നെ ചിമ്പുവുമായി ഒരു സിനിമ ചെയ്യണം എന്ന തരത്തില്‍ ഡിസ്‌കഷനും നടക്കുന്നുണ്ടായിരുന്നു. മഹേഷ് ബാബുവിനോട് പറഞ്ഞിരുന്നു. സ്ഥിരം ആക്ഷനൊന്നുമില്ല. ലവ് സ്റ്റോറിയാണ്. ആക്ഷനൊന്നുമില്ലാതെ സിനിമ വരുന്നത് തന്റെ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുമെന്നാണ് മഹേഷ് ബാബു പറഞ്ഞത്.ചിമ്പുവും ഇത് തന്നെയാകും പറയുക എന്നാണ് ഞാന്‍ കരുതിയത്. സിനിമ അങ്ങനെ പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് കരുതിയതാണ്. അതിന്റെ പണിയും തുടങ്ങി.
സിനിമയുടെ നിര്‍മാതാക്കളാണ് ചിമ്പുവിനെ കണ്ട് ഒരു തവണ കഥ പറഞ്ഞുനോക്ക് എന്ന് പറഞ്ഞത്. എനിക്കാദ്യം ഇത് പറയാന്‍ മടിയുണ്ടായിരുന്നു. ചിമ്പുവിന് ഇഷ്ടമാകില്ലെന്നാണ് കരുതിയത്. എന്നാല്‍ ചിമ്പുവിന് ഇഷ്ടമായി. നിങ്ങളുടെ സ്‌റ്റൈലില്‍ തന്നെ സിനിമ ചെയ്‌തോളു എന്നാണ് ചിമ്പു പറഞ്ഞത്. അങ്ങനെ സിനിമ സംഭവിച്ചു. ഗൗതം മേനോന്‍ പറഞ്ഞു.