മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. നാളെയാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുമായി സിനിമ ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച ഇടത്ത് നിന്ന് ഇന്ന് അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ആഗസ്റ്റ് 1 എന്നീ സിനിമകൾ കണ്ടപ്പോൾ മുതൽ മമ്മൂട്ടിയുടെ അഭിനയം കണ്ടു അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചതുമാണ്. ഇപ്പോൾ അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞു. ജീവിതത്തിലും മാജിക്കിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു', ഗൗതം മേനോൻ കുറിച്ചു.
വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.