Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിതം പിന്നേയും അത്ഭുതപ്പെടുത്തുകയാണ്', കുറിപ്പ് പങ്കുവെച്ച് നടി ഗായത്രി അരുണ്‍

'ജീവിതം പിന്നേയും അത്ഭുതപ്പെടുത്തുകയാണ്', കുറിപ്പ് പങ്കുവെച്ച് നടി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 നവം‌ബര്‍ 2021 (10:01 IST)
ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരമായ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെ നിരവധിയാളുകള്‍ പുസ്തകം വായിച്ച് തങ്ങളുടെ അഭിപ്രായം പങ്കു വെച്ചിരുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത സന്തോഷമാണ് ഗായത്രി.
 
ഗായത്രി അരുണിന്റെ വാക്കുകള്‍
 
ജീവിതം ആകസ്മികതകള്‍ നിറഞ്ഞതാണ് എന്നറിയാം പക്ഷെ ആകസ്മികതകള്‍ അതിന്റെ എല്ലാ പരിധിയും വിട്ട് എന്നെ അത്ഭുതപെടുത്തുകയാണ്. ഈ മാസം ആദ്യം ദുബൈയില്‍ ഷൂട്ടിന് വരുമ്പോള്‍ വിദൂര ചിന്തകളില്‍ പോലും 'ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവം' ഉണ്ടായിരുന്നില്ല. പുസ്തകോത്സവ വാര്‍ത്തകള്‍ കാണുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും ആ വിസ്മയമൊന്നു പോയി നേരില്‍ കാണണമെന്ന്. എന്നാല്‍ ആഗ്രഹം ഫലിച്ചത് നേരത്തെ സൂചിപ്പിച്ച വിസ്മയകരമായ ആകസ്മികത നല്‍കി കൊണ്ടാണ്. അതിതാണ് ആ മഹനീയമായ പുസ്തകോത്സവ വേദിയില്‍ തിരഞ്ഞെടുത്ത പുസ്തകങ്ങളില്‍ 'അച്ഛപ്പം കഥകളുടെ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു!
 
 അങ്ങനെ സഹൃദയരായ വായനക്കാര്‍ എന്നിലെ പറക്കമുറ്റാത്ത എഴുത്തുകാരിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ഒന്നാം പതിപ്പിന് ശേഷം, അച്ഛനോര്‍മ്മകളുടെ മാധുര്യം കടല്‍ കടന്നു ഷാര്‍ജയിലെ പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി. ആരോടൊക്കെ നന്ദി പറഞ്ഞാലാണ് എന്റെ ഹൃദയം കൃതജ്ഞതയുടെ സുഖകരമായ ഭാരത്തില്‍ നിന്ന് മുക്തമാവുക എന്നെനിക്കറിഞ്ഞു കൂടാ. 
 
പ്രസാധകനായ ജീജോ, പുസ്തകം ഇവിടെ എത്തിക്കാന്‍ വേണ്ട ശ്രമമെടുത്ത ഗ്രീന്‍ ബുക്ക്‌സ് ശ്രീനിയേട്ടന്‍, മനോഹരമായ അവതരണത്തിലൂടെ അച്ഛപ്പം കഥകളെയും ചടങ്ങിനെയും ഭംഗിയാക്കിയ ശ്രീ രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, വായിക്കാന്‍ ആഗ്രഹമുണര്‍ത്തും വിധം പുസ്തക പരിചയം നടത്തിയ വനിത, കേവലമൊരു പ്രകാശകന്റെ ഉത്തരവാദിത്വത്തില്‍ നിന്നുമുപരിയായി പുസ്തകത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു പ്രകാശിപ്പിച്ച ശ്രീ ഷാബു കിളിത്തട്ടില്‍, അതേറ്റു വാങ്ങിയ പ്രിയ സ്‌നേഹിത മീരാ നന്ദന്‍, ആശംസ നേര്‍ന്ന ഗ്രീന്‍ ബുക്ക്‌സ് ശ്രീ സുഭാഷ് , ഞാനിവിടെ വരാന്‍ കാരണമായ ഡയറക്ടര്‍ ശ്രീ.ബാഷ് മുഹമ്മദ്, ചടങ്ങു ലൈവ് വീഡിയോ എടുത്ത എന്റെ അനിയന്‍ അച്ചു, കൊച്ചച്ഛനും കുടുംബവും, ദുബൈയില്‍ കാലുകുത്തിയ അന്ന് തന്നെ ഓടി വന്ന എന്റെ എല്‍സ... ഇനി ആരോടൊക്കെ നന്ദി പറയണം.....ആരോടുമുള്ള നന്ദി പ്രകടിപ്പിക്കാനുള്ള ശക്തി എന്റെ വാക്കുകള്‍ക്ക് ഇല്ല എന്നു മാത്രം അറിയാം. 
അച്ഛപ്പം കഥകള്‍ പോലെ, അതിന്റെ ഒന്നാം പതിപ്പില്‍ സംഭവിച്ച ആകസ്മികതകള്‍ പോലെ രണ്ടാം പതിപ്പിലും... അതിന്റെ വിസ്മയം എന്നെ വിട്ടുമാറുന്നില്ല, അല്ല മാറണം എന്നെനിക്കില്ല അതാണ് സത്യം....
സ്‌നേഹം, ഹൃദയം കൊണ്ട് എല്ലാവര്‍ക്കും നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രീകരണം പൂര്‍ത്തിയാക്കി 'സൗദി വെള്ളക്ക',ഹൃദയത്തോട് അടുത്ത സിനിമയെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി